കൊച്ചി : തമ്മനം - പുല്ലേപ്പടി റോഡിന്റെ നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാക്കാനുള്ള കോടിയുത്തരവു നടപ്പാക്കാത്തതിനെതിരെ കടവന്ത്ര സ്വദേശി ഡോ. എസ്. പ്രിയരഞ്ജിനി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ കൊച്ചി നഗരസഭാ സെക്രട്ടറി, ജി.സി.ഡി.എ സെക്രട്ടറി എന്നിവരെ കക്ഷി ചേർക്കും. ഹൈക്കോടതി ഉത്തരവു നടപ്പാക്കിയില്ലെന്നാരോപിച്ച് പൊതുമരാമത്ത് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്കെതിരെയാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹർജിയിൽ നഗരസഭാ സെക്രട്ടറി, ജി.സി.ഡി.എ സെക്രട്ടറി എന്നിവരെക്കൂടി കക്ഷി ചേർക്കണമെന്ന് ഹർജിക്കാരി ഉപഹർജി നൽകി. തുടർന്നാണ് സിംഗിൾ ബെഞ്ച് ഇതിനു അനുമതി നൽകിയത്. കോടതിയുത്തരവു നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ഒരാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച ഹൈക്കോടതി ഹർജി ഇന്നു വീണ്ടും പരിഗണിക്കും.