കൊച്ചി: കാൻസറിന്റെ പിടിയിലാകാതെ അമ്മമാരെ രക്ഷിക്കാനുള്ള ദൗത്യത്തിലാണ് ഒരുപറ്റം പെൺമക്കൾ. സ്വയം പരിശോധനയിലൂടെ കാൻസറിനെ ചെറുക്കാൻ അമ്മമാരെ പ്രേരിപ്പിക്കുന്ന ഹ്രസ്വവീഡിയോ പ്രചാരണം കൂടുതൽ പേർ ഏറ്റെടുത്തു. ആരംഭത്തിൽ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്ന സ്തനാർബുദം കണ്ടെത്താൽ ഇത്തിരി മെനക്കെട്ടാൽ മാത്രം മതി.
ശരീരപരിശോധനയുടെ ഓരോ ഘട്ടത്തെയും കുറിച്ച് വിശദീകരിക്കുന്നതാണ് വീഡിയോ. 13 പെൺകുട്ടികളാണ് പുതുമയുള്ള പരിപാടിയിൽ അണിചേർന്നത്. അമ്മമാരെ കാൻസറിൽ നിന്ന് സംരക്ഷിക്കുക എന്ന യജ്ഞത്തിന്റെ ഭാഗമായി മന്നം ആയുർവേദ കോ ഓപ്പറേറ്റീവ് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ ബി.എ.എം.എസ് വിദ്യാർത്ഥിനിയായ പി.എച്ച്. വർഷയുടെ നേതൃത്വത്തിലാണ് വീഡിയോ ആസൂത്രണം ചെയ്തത്.
അവബോധമാണ് പദ്ധതിയുടെ മൂന്നാം ഘട്ടം. രോഗത്തെ എങ്ങനെ തടയാം, ചികിത്സാമാർഗങ്ങൾ തുടങ്ങി സർവകാര്യങ്ങളും രേഖാചിത്രങ്ങളുടെ സഹായത്തോടെ പ്രൊട്ടക്ട് യുവർ മോം എന്ന ഇൻസ്റ്റാഗ്രാം പേജിലും യു ട്യൂബിലും വിശദീകരിച്ചിരിക്കുന്നു.
കാൻസറിനെ തടയാം
മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും സ്തനങ്ങളും തൊട്ടടുത്ത ഭാഗങ്ങളും സൂക്ഷ്മതയോടെ പരിശോധിക്കണം. സ്തനത്തിൽ മുഴയോ തടിപ്പോ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തണം. എന്നാൽ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന ധാരണയിൽ മിക്ക സ്ത്രീകളും പരിശോധനയ്ക്ക് മുതിരില്ല.
വിഗ്ഗ് റെഡി
തിരുവനന്തപുരം ഗവ. ദന്തൽ കോളേജ് വിദ്യാർത്ഥിയായ വിമൽ ജോസിന്റെ നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കുന്നതിന് മുടി സ്വരൂപിക്കാൻ വമ്പൻ പരിപാടി ആസൂത്രണം ചെയ്യുന്നതിനിടെയാണ് കൊവിഡിന്റെ പ്രവേശനം. ഹെയർ ഫോർ ഹോപ്പ് എന്ന സംഘടനയുടെ മേധാവിയായ പ്രേമി മാത്യുവുമായി ചേർന്നാണ് ഈ പരിപാടി. 35 പേർ മുടി സംഭാവന ചെയ്തു. 200 പേർ മുടി നൽകാൻ മുന്നോട്ടുവന്നെങ്കിലും ലോക്ക് ഡൗണായതിനാൽ സ്വീകരിക്കാൻ കഴിഞ്ഞില്ല.
അമ്മാർക്ക് വിഗ്ഗ് നൽകാമോയെന്ന ചോദ്യവുമായി രണ്ട് വിദ്യാർത്ഥികൾ സംഘടനയെ സമീപിച്ചു. ഒരു വിഗ് തയ്യാറാക്കുന്നതിന് 3000 രൂപ ചെലവു വരും. വിദ്യാർത്ഥികൾ സ്വന്തം പോക്കറ്റുമണി ഇതിനായി ചെലവഴിച്ചു. കോളേജ് യൂണിയനുകളുടെയും ഹെയർ ഫോർ ഹോപ്പിന്റെയും പിന്തുണയോടെയാണ് വിമലിന്റയും വർഷയുടെയും പ്രവർത്തനം.