pacha

കോലഞ്ചേരി: പേരിനെ അന്വർത്ഥമാക്കി നാടൻ ചെടികളെ വരിഞ്ഞു പൊതിഞ്ഞു മുറുക്കി സൂര്യപ്രകാശം കൊടുക്കാതെ ഇഞ്ചിഞ്ചായി കൊല്ലുന്ന വിദേശ ഭീകരസസ്യം ധൃതരാഷ്ട്രപ്പച്ചയുടെ വ്യാപനം ഗ്രാമീണ മേഖലകളിലടക്കം രൂക്ഷമായി. വേരോടെ പിഴുതില്ലെങ്കിൽ ഇത് സർവചെടികളേയും തകർത്ത് നാടാകെ അടക്കിവാഴും. മിക്കാനിയ മൈക്രാന്ത എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കളസസ്യമാണിത്. വള്ളികളോട‌െ

അതിവേഗം വളർന്നു പന്തലിക്കും. 10 വർഷമെ ആയിട്ടുള്ളൂ തെക്കേ അമേരിക്കക്കാരനായ ചെടി നാട്ടിലെത്തിയിട്ട്. ഈ കുറഞ്ഞ കാലയളവിൽ സംസ്ഥാനത്താകമാനം ചെടി വ്യാപിച്ചു കഴിഞ്ഞു. ഇപ്പോൾ സർക്കാർ പുറമ്പോക്ക് ഭൂമിയാണ് പ്രധാന ആവാസ കേന്ദ്രം. ഒരു ചെടിയിൽനിന്നും 20000 മുതൽ 50000 വരെ വിത്തുകൾ കാ​റ്റിൽ വിതരണം നടത്തും. തണ്ടിന്റെ ചെറിയ കഷ്ണത്തിൽ നിന്നു പോലും പെട്ടന്ന് വേരിറങ്ങി പുതിയ ചെടിയുണ്ടാകും. കാടുവെട്ടൽ യന്ത്റം കൊണ്ട് വെട്ടി തീർക്കുന്നത് ഇരട്ടിയിലേറെ ദോഷം ചെയ്യും. മുറിഞ്ഞു വീഴുന്ന ഓരോ തുണ്ടും ചെടിയായി മാറും. ചെടി എത്തിയതെങ്ങനെയെന്ന് അറിവില്ലെങ്കിലും ഇവിടുത്തെ കാലാവസ്ഥയിൽ അതിവേഗമാണ് വളർച്ച. നാട്ടിലെ കൃഷിയിടങ്ങളിലേക്ക് കടന്നതാണ് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. കടന്നു കയറാൻ ഇനിയുള്ളത് കാടുകളാണ്. വരും നാളുകളിൽ കാടുകളും കീഴടക്കിയേക്കാം. നേപ്പാളിലെ ചിത്വാൻ നാഷണൽ പാർക്കിലെ 20 ശതമാനത്തോളം സ്വഭാവിക പച്ചപ്പ് ഈ ചെടി നശിപ്പിച്ചതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ ചെടി ഉത്പാദിപ്പിക്കുന്ന ഫീനോളിക് ഫ്ലവനോയ്ഡ് സംയുക്തകങ്ങൾ കാർഷിക വിളകളുടെയും ഔഷധ സസ്യങ്ങളുടെയും അങ്കുരണ ശേഷിയെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തൽ. ചെറിയ ചെടികളുടെയും കു​റ്റിച്ചെടികളുടെയും വൃക്ഷങ്ങളുടെയും മീതെ വളർന്നു വന്ന് അതിനെ മൂടിയാണ് ഇവന്റെ വളർച്ച. അതുകൊണ്ടുതന്നെ സൂര്യപ്രകാശം ആതിഥേയ സസ്യത്തിനു പൂർണമായും നിഷേധിച്ച് അവയെ ഇഞ്ചിഞ്ചായി നശിപ്പിച്ച് കൈയടക്കുന്നതാണ് രീതി. ചെടിക്ക് വളർച്ചാനിരക്കും കൂടുതലാണ്. ഒരു ദിവസം 10 സെന്റീമീ​റ്ററോളം വളരുമത്രെ. സ്വാഭാവിക ചെടികൾക്ക് ഇതിനോട് എതിർത്തു നിൽക്കൽ അസാദ്ധ്യമാണ്. സസ്യങ്ങളിലെ ഭീകരനായ ഈ ചെടിക്കെതിരെ നിരന്തരം പോരാട്ടം നടത്തുവാനുള്ള സമയമായി. എവിടെ കണ്ടാലും ഇതിനെ വേരോടെ പറിച്ച് തീയിട്ടോ നല്ല വെയിലത്തിട്ടോ നശിപ്പിക്കണമെന്നാണ് കാർഷീക ഗവേഷകർ പറയുന്നത്.