വൈപ്പിൻ: കൊച്ചി-കോട്ടപ്പുറം ജലപാതയ്ക്ക് ഭീഷണിയായി ചീനവലകൾ. വൈപ്പിൻദ്വീപിന് സമാന്തരമായി ഒഴുകുന്ന കായലിൽ ചീനവലകൾ നിറഞ്ഞിരിക്കുകയാണ്. നേരത്തെ ഇരുകരകളോടും ചേർന്നായിരുന്നു ചീനവലകൾ നിർമ്മിച്ചിരുന്നത്. എന്നാൽ കായലിന്റെ മദ്ധ്യഭാഗത്തെല്ലാം ഇപ്പോൾ ചീനവലകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇതോടെ കൊവിഡിനിടെ താത്കാലികയമായി മുടങ്ങിക്കിടക്കുന്ന ജലപാത പദ്ധതി യാഥാർത്ഥ്യമാക്കുകയെന്നത് സർക്കാരിന് കടുത്ത വെല്ലുവിളിയാകും.
ലോക്ക്ഡൗണിന് പിന്നാലെ പ്രദേശത്ത് പലർക്കും തൊഴിൽ നഷ്ടപ്പെട്ടവരുന്നു. ഇവർ പുതിയ ഉപജീവനമാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ചീനവല സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ കൊല്ലത്ത് നിന്ന് ആരംഭിക്കുന്ന ദേശീയ ജലപാത വൈപ്പിൻ വഴി കൊടുങ്ങല്ലൂർ വരെ നീട്ടിയതോടെ ഈ ഭാഗത്തെ ചീനവകൾ നീക്കം ചെയ്യാൻ സർക്കാർ മുന്നിട്ട് ഇറങ്ങിയിരുന്നു. ഒരോ ചീനവല ഉടമയ്ക്കും ഒരു ലക്ഷം നഷ്ടപരിഹാരം നൽകി ഇവ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. എന്നാൽ പണം വാങ്ങിയവർ പലരും ചീനവലകൾ നീക്കാൻ തയ്യാറായില്ല. ഈ ചീനവലകൾ നിൽക്കെയാണ് പുതിയ വലകൾ ആളുകൾ സ്ഥാപിച്ചിരിക്കുന്നത്.
ബോട്ട് യാത്ര ഒരു ഓർമ്മ
കായലിന്റെ തെക്കേ അറ്റം വേമ്പനാട്ട്കായലും വടക്കേഅറ്റം കൊടുങ്ങല്ലൂർ അഴിമുഖവുമാണ്. പണ്ട് ഈ ജലപാതയിലൂടെ 30ഓളം യാത്രാബോട്ടുൾ സർവീസ് നടത്തിയിരുന്നു. കോട്ടപ്പുറം-എറണാകുളം റൂട്ടിൽ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. എന്നാൽ വൈപ്പിനിൽ നിന്ന് മുനമ്പം വരെ റോഡ് യാഥാർത്ഥ്യമാകുകയും കുറുകെ ഒഴുകുന്ന എട്ടോളം തോടുകൾക്കു മീതെ പാലങ്ങൾ വരികയും ചെയ്തതോടെ ജനങ്ങൾ പടിപടിയായി ബോട്ട് യാത്ര ഉപേക്ഷിച്ചു. പതിയെ യാത്രാബോട്ടുകളും ഒന്നൊന്നായ് വിടപറഞ്ഞു.