കൊച്ചി: കെ.സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി വന്ന ശേഷം കേരളത്തിലെ എൻ.ഡി.എ സംവിധാനത്തിൽ പുത്തൻ ഉണർവ്വുണ്ടായെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ. പി. നദ്ദ, സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് തുഷാർ ഫേസ് ബുക്ക് പേജിലൂടെ പറഞ്ഞു. കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇരുവരുമായി ചർച്ച ചെയ്തു. ഇടതു വലതു മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയം കണ്ട് ജനം മടുത്തു. ഈ ഒത്തുതീർപ്പുകളുടെ ഭാഗമായാണ് യു.ഡി.എഫ് ശക്തമായി പ്രതികരിക്കാത്തത്. നാറുന്ന അഴിമതിക്കഥകൾ തെളിവുകൾ സഹിതം പുറത്തു വന്നിട്ടും രാഷ്ട്രീയമായി ഉപയോഗിക്കാതെ യു.ഡി.എഫ് നിർജ്ജീവമായി നിൽക്കുകയാണ്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം എൻ.ഡി.എക്ക് അനുകൂലമാണ്. ബി.ഡി.ജെ.എസ് ഭരണവർഗത്തെ തീരുമാനിക്കുന്ന നിർണ്ണായക ശക്തിയായി വളർന്നു.