കൊച്ചി : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി ഏഴാം പ്രതി മുഹമ്മദ് ഷാഫി നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ ദേശീയ അന്വേഷണ ഏജൻസി സമയം തേടി. ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
പത്തു പ്രതികൾക്ക് എൻ. ഐ.എ കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും എൻ.ഐ.എ അറിയിച്ചു. നയതന്ത്ര ചാനൽവഴി യു.എ.ഇയിൽ നിന്ന് സ്വർണം കടത്താൻ ഫണ്ട് നൽകിയെന്നാരോപിച്ചാണ് ഷാഫിയെ ആഗസ്റ്റ് നാലിന് അറസ്റ്റ് ചെയ്തത്. സ്വർണക്കടത്തിലൂടെ പ്രതികൾ സമ്പാദിച്ച പണം ഭീകര പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് കേസെടുത്തതെന്നും തനിക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഷാഫിയുടെ ഹർജിയിൽ പറയുന്നു.
മുഹമ്മദ് ഷാഫി നൽകിയ ജാമ്യാപേക്ഷ ഒക്ടോബർ 15 ന് വിചാരണക്കോടതി തള്ളിയിരുന്നു.