കളമശേരി: കാൻസറിന് എതിരെയുള്ള വാക്സിൻ ഗവേഷണത്തിന് കുസാറ്റിലെ ബയോടെക്നോളജി വിഭാഗം അദ്ധ്യാപികയ്ക്ക് ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ (ബിറാക്ക്) വനിതാ സംരംഭകയ്ക്കുള്ള വൈനർ പുരസ്‌കാരം ലഭിച്ചു. അഞ്ചുലക്ഷം രൂപയുടെ അവാർഡാണിത്.
കുസാറ്റ് ബയോടെക്‌നോളജി വിഭാഗം ഡി.എസ്.ടി ഇൻസ്പയർ ഫാക്കൽറ്റിയാണ് ഡോ. അനുഷ അശോക്. പോളിമർ ഉപയോഗിച്ച് വികസിപ്പിക്കുന്ന വാക്സിൻ കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്. ഇപ്പോൾ ത്വക്കിലുണ്ടാകുന്ന കാൻസറിലാണ് പ്രയോഗിക്കുന്നത്. ഇനി ഇത് മൃഗങ്ങളിൽ പരീക്ഷിക്കണം.
കൊല്ലം സ്വദേശിയായ ഡോ. അനുഷ ഇപ്പോൾ പോണേക്കരയിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ടെക്കും (ബയോടെക്നോളജി ), അമൃത വിശ്വവിദ്യാപീഠത്തിൽ നിന്ന് എം.ടെക്കും നാനോ മെഡിസിനിൽ പി.എച്ച്.ഡിയും നേടി.
ഭർത്താവ് ജീവൻ എ. അങ്ങാടിപ്പുറം കേരള ഗ്രാമീണ ബാങ്ക് മാനേജരാണ്.