life

കൊച്ചി: വിവാദങ്ങളെത്തുടർന്ന് നിർമ്മാണം നിലച്ച വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി ഫ്ളാറ്റ് നിർമ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ നൽകിയ ഹർജിയിൽ കരാറുകാരായ യൂണിടാക് ഉൾപ്പെടെയുള്ളവരെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പിന്നീടു പരിഗണിക്കും.വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ച് വിദേശത്തു നിന്ന് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് അനിൽ അക്കര നൽകിയ പരാതിയെത്തുടർന്നാണ് സി.ബി.ഐ കേസെടുക്കുകയും ഫ്ളാറ്റ് നിർമ്മാണം നിലയ്ക്കുകയും ചെയ്തത്. എന്നാൽ, ആരോപണങ്ങളുടെയും വിവാദങ്ങളുടെയും കേസിന്റെയും പേരിൽ പദ്ധതിയുടെ പ്രവർത്തനം തടസപ്പെടുന്നത് അനുവദിക്കാനാവില്ലെന്നും ഭവന രഹിതരായ 140 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.2019 ജൂലായ് 11 നാണ് പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകിയത്. യു.എ.ഇ റെഡ് ക്രസന്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കുന്നത്. മു‌ടങ്ങിയ പദ്ധതി പ്രവർത്തനം സർക്കാർ ഫണ്ട് ലഭ്യമാക്കി പൂർത്തിയാക്കണമെന്നാണ് അനിൽ അക്കരയുടെ ഹർജിയിൽ പറയുന്നത്.