കളമശേരി: തദ്ദേശപ്പോരിന് കളമൊരുങ്ങി. ഏലൂരിൽ ഏറ്റുമുട്ടുന്നത് ആരെല്ലാമാണെന്ന് ഇന്നും നാളെയുമായി അറിയാം. മുന്നണികളെല്ലാം സ്ഥാനാർത്ഥി നിർണയമെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. ഇടത് മുന്നണയിൽ സി.പി.ഐ സ്ഥാനാർത്ഥികളെ കളത്തിലിറക്കി. സി.പി.എം തങ്ങളുടെ സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപം നടത്തിയിട്ടില്ലെങ്കിലും സീറ്റുറപ്പിച്ച സ്ഥാനാർത്ഥികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ ഉണ്ടാകും.
അതേസമയം ബി.ജെ.പി ജയസാദ്ധ്യതയുള്ള വാർഡുകളിൽ പ്രവർത്തനം തുടങ്ങി. 31 വാർഡുകളുള്ള ഏലൂരിൽ എൽ.ഡി.എഫ് 19 , യു.ഡി.എഫ് 10 , ബി.ജെ.പി 2 എന്നിങ്ങനെയാണ് കക്ഷിനില. ഇടതു മുന്നണിയിൽ സി.പി.എം 13 , സി.പി.ഐ 5 ,എൻ.സി.പി 1. ഐക്യജനാധിപത്യ മുന്നണിക്ക് കോൺഗ്രസ് 8 , മുസ്ലിം ലീഗ് 2 . ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വാർഡുകൾ മാറിയാണ് മൂന്നു സീറ്റിൽ മത്സരിക്കുന്നത്. ബാക്കി വാർഡുകളിൽ കോൺഗ്രസ് മത്സരിക്കും. ബി.ജെ.പി 23 സീറ്റുകളിൽ മത്സരിക്കാൻ ഉറപ്പിച്ചു കഴിഞ്ഞു. ബാക്കി വാർഡുകളിൽ തീരുമാനം ആയിട്ടില്ല. വനിതാ സംവരണം ,എസ്.സി. സംവരണം എന്നിവ മാറിമറിഞ്ഞതിനാൽ കുപ്പായം തുന്നി ഇരുന്ന പലർക്കും മത്സരിക്കാൻ ആഗ്രഹിച്ച വാർഡുകൾ നഷ്ടപ്പെട്ടു.