• കിണറുകൾ മലിനമായതായി സംശയം

കിഴക്കമ്പലം: കുമ്മനോട് മാന്ത്രയ്ക്കൽ പാടശേഖരത്തിൽ തള്ളിയത് രാസമാലിന്യമാണെന്ന് കണ്ടെത്തി. സ്ഥലമുടമയുടെ മകന്റെ ഉടമസ്ഥതയിലുള്ള ടാങ്കറിലാണ് മാലിന്യമെത്തിച്ചതെന്ന് പൊലീസിനു വിവരം ലഭിച്ചു. വാഹനം കണ്ടെത്താനായി കുന്നത്തുനാട് പൊലീസ് അന്വേഷണം ഊർജിതമാക്കി.

മാന്ത്രയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപം മാലിന്യംതള്ളിയ സംഭവത്തിൽ നാട്ടുകാർ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുകയാണ്. അതിനിടെ പാടശേഖരത്തിലേയ്ക്ക് പടർന്ന മാലിന്യം സ്ഥലമുടമയുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴിതാഴ്ത്തി മണ്ണിട്ട് മൂടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലഉടമക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

മാലിന്യം ഒഴുകിയെത്തിയ ഭാഗത്തുള്ള മുഴുവൻ മരങ്ങളും കരിഞ്ഞുണങ്ങി. ദുർഗന്ധംമൂലം കൈക്കുഞ്ഞുങ്ങളുമായി ബന്ധുവീടുകളിലേയ്ക്ക് മാറിയവർ തിരിച്ചെത്തിയിട്ടില്ല. മാലിന്യം സമീപത്തെ കിണറുകളുൾപ്പെടെ കുടിവെള്ള സ്രോതസുകളിലേക്ക് കലർന്നതായും സംശയിക്കുന്നുണ്ട്.

വെള്ളം പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും.