കുറുപ്പംപടി: അശമന്നൂർ ഗവ. യു.പി സ്‌കൂൾ ഓപ്പൺ സ്റ്റേജ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽനിന്ന് 31.73 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. വർഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഹണിത് ബേബി, ചിത്ര ചന്ദ്രൻ, പി.ഒ ജെയിംസ്, മുൻ പഞ്ചായത്ത് അംഗം കെ.പി വർഗീസ്, തോമസ് പുല്ലൻ, സനോഷ് മത്തായി, വിജയൻ, ജോയിക്കുട്ടി എന്നിവർ സംസാരിച്ചു.
അശമന്നൂർ ഗവ. യു.പി സ്‌കൂളിന്റെ ഒന്നര ഏക്കർ വരുന്ന സ്ഥലം നവീകരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. റോഡരികിൽ നിന്ന് താഴ്ന്ന പ്രദേശമായതിനാൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനായി മൈതാനത്തിന് ചുറ്റും കാനനിർമ്മിച്ച് സ്ലാബുകളിട്ട് സംരക്ഷിച്ചു. മൈതാനത്തിന്റെ സൈഡുകൾ കരിങ്കല്ല് ഉപയോഗിച്ചു കെട്ടി. ഓപ്പൺസ്റ്റേജും ഇതിനൊപ്പം നിർമ്മിച്ചു. കായികതാരങ്ങൾക്ക് പരിശീലനം നടത്തുന്നതിനും യുവജന സംഘടനകൾക്കും ഏറെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതി പഞ്ചായത്തിന്റെ വികസനത്തിൽ പൊൻതൂവൽ ആണ്.
വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും കായിക പരിശീലനങ്ങൾക്കും പ്രഭാത, സായാഹ്ന സവാരിക്കാർക്കും മൈതാനം പ്രയോജനം ചെയ്യും. വ്യായാമം നടത്തുന്നതിന് ഇവിടം ഉപയോഗപ്രദമാകുന്നതിന് പദ്ധതിയുണ്ട്. ഇതിനായി ഓപ്പൺ ജിം സ്ഥാപിക്കുന്നതിനും മൈതാനത്തിന്റെ വശങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനും എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കേരള പൊതുമേഖലാ സ്ഥാപനമായ കെല്ലിന് വേണ്ടി സാജ് കൺസ്ട്രക്ഷൻസാണ് നിർവഹിച്ചത്.