പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് വാവക്കാട് 13-ാം ഡിവിഷൻ സംവരണ വാർഡുകളിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി വിധിച്ചു. 2010ൽ പട്ടികജാതി സംവരണവും 2015ൽ വനിതാ സംവരണവുമായിരുന്നു. 2020ലും വനിതാസംവരണ വാർഡായി നിശ്ചയിച്ചതിനെതിരെ രാജീവ് മണ്ണാളിൽ സമർപ്പിച്ച റിട്ട് ഹർജി അനുവദിച്ചാണ് ഹൈക്കോടതി വിധി. സമാന സ്വഭാവമുള്ള മറ്റു കേസുകൾ ഒരുമിച്ച് പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. രണ്ടുതവണ തുടർച്ചയായി ഏതെങ്കിലും സംവരണ വിഭാഗത്തിൽപ്പെടുത്തിയ വാർഡുകളോ ഡിവിഷനുകളോ വീണ്ടും സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാരനുവേണ്ടി സീനിയർ അഭിഭാഷകനായ ടി. സേതുമാധവൻ, അഡ്വ. കെ. സുജയ് സത്യൻ എന്നിവർ ഹാജരായി.