ആലുവ: ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി വിഭാഗത്തിന് കൊവിഡ് മഹാമാരിയൊന്നും പ്രശ്നമല്ല. 'പുര കത്തുമ്പോൾ വാഴവെട്ടുന്നു' എന്ന് പറയുന്നത് പോലെയാണ് ഇവിടെ സുരക്ഷാവിഭാഗം. കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് അധികാരികളും.
കൊവിഡ് പ്രോട്ടോക്കോളുകൾക്ക് ഇളവ് വരുകയും ജനജീവിതം ഭാഗികമായി സാധാരണ നിലയിലേക്ക് മാറിയതോടെയാണ് ആശുപത്രി കവാടത്തിലെ സുരക്ഷാജീവനക്കാരുടെ മുറിയിൽ ലോട്ടറിക്കച്ചവടക്കാർ കൂടുകൂട്ടിയത്. മാത്രമല്ല ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടും ഇവർ കീഴടക്കിയ അവസ്ഥയാണ്. സുരക്ഷാഭടന്മാരുടെ കാബിൻ ലോട്ടറി സൂക്ഷിക്കാനും കച്ചവടക്കാർക്ക് വിശ്രമിക്കാനുമുള്ള ഇടമാണ്. കച്ചവടങ്ങൾ ആശുപത്രി വകുപ്പിനകത്ത് നിരോധിച്ചതായി അറിയിപ്പ് ബോർഡ് പതിച്ച കാബിനകത്താണ് ലോട്ടറി സൂക്ഷിക്കുന്നതെന്നതാണ് വിരോധാഭാസം.
ജില്ലാശുപത്രി കവാടത്തിനു മുന്നിലും സ്ഥിതി വ്യത്യസ്തമല്ല. ഓട്ടോറിക്ഷകൾ രണ്ട് നിരയായാണ് ഇവിടെ പാർക്കിംഗ്. ബസുകൾ വന്ന് നിർത്തുന്നതോടെ ആശുപത്രിലേക്ക് വരുന്ന ആംബുലൻസുകളും മറ്റ് വാഹനങ്ങളും കുരുക്കിൽ പെടാറുണ്ട്. മാസങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ മുടക്കിയാണ് ജില്ലാ ആശുപത്രിക്ക് മുന്നിൽ നടപ്പാത സൗന്ദര്യവത്കരിച്ചത്. അതിന് മുന്നോടിയായി കവാടത്തിന് ഇരുവശത്തുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നു. എന്നാൽ പുതിയ ഓട്ടോറിക്ഷ സ്റ്റാൻഡ് വന്നതോടെ എല്ലാം പഴയപടിയായി. ബസ് കാത്തിരിപ്പു കേന്ദ്രത്തോട് ചേർന്നുള്ള ആശുപത്രിയുടെ മതിലിൽ പോസ്റ്ററുകളും പതിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. പൊതുപ്രവർത്തകൻ രാജു തോമസ് സ്വന്തം നിലയിൽ പൂച്ചെട്ടികൾ വച്ച് സൗന്ദര്യവത്കരിച്ച രണ്ട് ബസ് സ്റ്റോപ്പുകളാണ് ഇവിടെയുള്ളത്. ഇതിന്റെ ദൃശ്യഭംഗി നഷ്ടപ്പെടുത്തുന്ന അവസ്ഥയാണിപ്പോൾ. ചുറ്റുമതിലിൽ പരസ്യ പോസ്റ്ററുകളാണ് കൂടുതലും നിറയുന്നത്. ഭംഗിയായി പെയിന്റ് ചെയ്ത് സൂക്ഷിച്ച മതിൽ വൃത്തികേടായി തുടങ്ങി.