കൊച്ചി : എറണാകുളം എളംകുളത്ത് ജവഹർ അവന്യൂ റോഡ് അനധികൃതമായി കൈയേറി നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തങ്ങൾ ഒഴിവാക്കി റോഡിന്റെ വികസനം സാദ്ധ്യമാക്കണമെന്ന് ജവഹർനഗർ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.15 മീറ്റർ വീതിയുള്ള ഈ റോഡിന്റെ അഞ്ചുമീറ്ററോളം കൈയേറ്റം നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള പരാതികളും വിജിലൻസ് ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നൽകിയിട്ടുണ്ടെന്നും സഹോദരൻ അയ്യപ്പൻ റോഡും കലൂർ കതൃക്കടവ് റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ വികസനം കടവന്ത്രയിലെ ഗതാഗത തിരക്ക് ഒഴിവാക്കാൻ സഹായകമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. അസോസിയേഷൻ മുൻ പ്രസിഡന്റ് ജോസ് ജെ. നിധിരി , സെക്രട്ടറി അജിത് മുഹമ്മദ്, ആന്റണി സക്കറിയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.