കൊച്ചി: യു.എ.ഇ കോൺസുലേറ്റ് വഴി എത്തിയ ഖുറാൻ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ ആറര മണിക്കൂർ ചോദ്യംചെയ്‌തശേഷം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം വിട്ടയച്ചു. മൊഴി വിശദമായി വിശകലനം ചെയ്‌ത് തുടർനടപടികൾ സ്വീകരിക്കും. വീണ്ടും ചോദ്യംചെയ്യണോ എന്നകാര്യത്തിൽ ദിവസങ്ങൾക്കുള്ളിൽ വ്യക്തതവരുമെന്ന് കസ്‌റ്റംസ് സൂചിപ്പിച്ചു.
സ്വർണക്കടത്ത് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) എന്നിവയ്ക്ക് മുന്നിൽ ഒളിച്ചും പാത്തുമാണ് എത്തിയതെങ്കിൽ ഇത്തവണ ഒൗദ്യോഗിക കാറിലാണ് മന്ത്രി എത്തിയത്. മറ്റ് രണ്ടു ചോദ്യംചെയ്യലും കോൺഫിഡൻഷ്യൽ ആയതിനാൽ യാത്രയും കോൺഫിഡൻഷ്യലാക്കിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
നികുതിവെട്ടിച്ച് നയതന്ത്രചാനൽ വഴി ഖുറാൻ കൊണ്ടുവന്നതും വിതരണം ചെയ്തതും പ്രൊട്ടോക്കോൾ ലംഘനവും ക്രമക്കേടുമാണെന്ന നിലപാടിലാണ് കസ്റ്റംസ്. ഭക്ഷണക്കിറ്റ് വിതരണം, യു.എ.ഇ കോൺസുലേറ്റ് സന്ദർശനം, യു.എ.ഇ കോൺസലേറ്റ് ജനറലുമായുള്ള ചർച്ചകൾ, സ്വപ്‌നയുമായുള്ള ഫോൺവിളി തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കസ്‌റ്റംസ് ഉന്നയിച്ചു.
കസ്‌റ്റംസ് അസി.കമ്മിഷണർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചോദ്യംചെയ്യൽ വൈകി. അണുനശീകരണം നടത്തിയശേഷം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ചോദ്യംചെയ്യൽ തുടങ്ങിയത്.
മാർച്ച് നാലിനാണ് യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ മതഗ്രന്ഥമെത്തിയത്. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കീഴിലുള്ള സി- ആപ്‌റ്റിന്റെ വാഹനത്തിലാണ് ഖുറാൻ വിതരണം ചെയ്യാനായി കൊണ്ടുപോയത്. മന്ത്രിയുടെ നിർദേശപ്രകാരമാണോ ഖുറാൻ ഇറക്കുമതി എന്നറിയാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.