കൊച്ചി : നയതന്ത്ര സ്വർണക്കടത്തു കേസിൽ അഞ്ചു പേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി പ്രതികളാക്കി. മലപ്പുറം സ്വദേശികളായ വണ്ടൂർ മുഹമ്മദ് അസ്ലം (44), വേങ്ങര സ്വദേശി കെ. അബ്ദുൾ ലത്തീഫ് (47), കോടക്കാൽ സ്വദേശി നസ്രു എന്ന നാസിറുദ്ദീൻ ഷാ (32), പൂക്കാട്ടൂർ പുല്ലറ സാബു എന്ന റാംസൻ പാരഞ്ചേരി (36), കോഴിക്കോട് ഒാമശേരി കല്ലുരുട്ടി മഞ്ജു എന്ന പി.എസ്. മൻസൂർ (35) എന്നിവരെയാണ് പ്രതി ചേർത്തത്. ഇവരിൽ നാലുപേർ വിദേശത്ത് ഒളിവിലാണ്. അസ്ലത്തെ എൻ.ഐ.എ ചോദ്യംചെയ്തു വരികയാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും. മറ്റുള്ളവർക്കായി ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളായ കെ.ടി. റമീസ്, ഹമീദ്, റബിൻസ് മുഹമ്മദ് എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേർത്തത്. നയതന്ത്ര ചാനൽ വഴി സ്വർണക്കടത്തു നടത്തിയ റാക്കറ്റിന്റെ ഭാഗമായി ഇവർ അഞ്ചുപേരും പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പ്രതികളാക്കിയതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. സ്വർണക്കടത്തു കേസിൽ 30 പ്രതികളാണ് നിലവിലുണ്ടായിരുന്നത്. ഇപ്പോൾ 35 ആയി.
സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും
സ്വർണക്കടത്തു കേസിൽ ശിവശങ്കറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷിനെ ഇന്നും നാളെയും ഇ.ഡി തിരുവനന്തപുരത്തെ ജയിലിൽ ചോദ്യം ചെയ്യും. കൂടുതൽ ചോദ്യം ചെയ്യാൻ അനുമതി തേടി ഇ.ഡി ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ അനുവദിച്ചു. നേരത്തെ സ്വപ്നയടക്കമുള്ള പ്രതികളെ ഇ.ഡി മൂന്നു ദിവസം ജയിലിൽ ചോദ്യം ചെയ്തിരുന്നു.
ഖാലിദിനെ പ്രതിചേർക്കാൻ
വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മുൻ മേധാവി ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയ കത്തിന്റെ പകർപ്പും ഹാജരാക്കി. ഖാലിദിനെ ഡോളർ കടത്തു കേസിൽ പ്രതി ചേർക്കാൻ അനുമതി തേടി കസ്റ്റംസ് നൽകിയ അപേക്ഷ സാമ്പത്തിക കുറ്റങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയാണ് പരിഗണിക്കുന്നത്. ഖാലിദിന് ഇന്ത്യൻ നിയമങ്ങൾ ബാധകമാണെന്നും ഇവിടെ ജോലി ചെയ്യുമ്പോൾ ഇൗ നിയമങ്ങൾ പാലിക്കണമെന്നും ഖാലിദിന്റെ വിസയ്ക്ക് അനുമതി നൽകി കേന്ദ്രസർക്കാർ നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളും കസ്റ്റംസിന്റെ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്ന് ഹർജി നവംബർ 11 ലേക്ക് മാറ്റി.