ആലുവ: നാമനിർദ്ദേശ പത്രിക സമർപ്പണം വ്യാഴാഴ്ച്ച ആരംഭിക്കാനിരിക്കെ ആലുവ മേഖലയിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥി നിർണയം പൂർത്തിയായില്ല. മുന്നണികൾക്കുള്ളിൽ സീറ്റുകളുടെ എണ്ണം സംബന്ധിച്ചും തർക്കമുണ്ട്. ആലുവ നിയമസഭ മണ്ഡലത്തിൽ ആലുവ നഗരസഭയും കീഴ്മാട്, എടത്തല, ചൂർണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളുമാണുള്ളത്. 152 നഗരസഭ - ഗ്രാമപഞ്ചായത്ത് വാർഡുകളും വാഴക്കുളം, പറക്കടവ് ബ്ളോക്ക് പഞ്ചായത്തുകളുടെ പരിധിയിൽപ്പെട്ട 15 ബ്ളോക്ക് ഡിവിഷനുകളും, കീഴ്മാട്, എടത്തല, നെടുമ്പാശേരി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമാണ് മണ്ഡലത്തിലുള്ളത്. ഇവയിൽ മുന്നണികൾക്കെല്ലാം പാതിസ്ഥലത്ത് മാത്രമാണ് സ്ഥാനാർത്ഥികളായത്. പലയിടത്തും ഒന്നിലേറെ പേർ രംഗത്ത് വന്നത് തലവേദനയാണ്.
യു.ഡി.എഫ്
യു.ഡി.എഫിനാണ് വിമത ഭീഷണി കൂടുതലുള്ളത്. മണ്ഡലം കമ്മിറ്റികളുടെ ശുപാർശകൾ ബ്ളോക്ക് സ്ക്രൂട്ടണി കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇവിടെ ധാരണയാവാത്തത് ഡി.സി.സിക്കും ആവശ്യമെങ്കിൽ കെ.പി.സി.സിക്കും വിടും. ആലുവ നഗരസഭയിൽ 26 സീറ്റിലും കോൺഗ്രസാണ് മത്സരിക്കുന്നത്. ലീഗ് ഉൾപ്പെടെയുള്ള ഘടക കക്ഷികൾ പ്രതിഷേധത്തിലാണ്. 12 ഇടത്താണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായത്. കഴിഞ്ഞ തവണ പത്ത് സീറ്റിൽ മത്സരിച്ച ഐ ഗ്രൂപ്പ് ഇക്കുറി 13 ആണ് ആവശ്യപ്പെടുന്നത്.
എൽ.ഡി.എഫ്
നഗരസഭയിൽ സി.പി.എം 20 സീറ്റിലും സി.പി.ഐ ആറ് സീറ്റിലുമാണ് മത്സരിക്കുന്നത്. മറ്റ് ഘടകകക്ഷികൾ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. കഴിഞ്ഞ വട്ടം സി.പി.ഐ ജയിച്ച അഞ്ചാം വാർഡ് ഇക്കുറി സി.പി.എം ആവശ്യപ്പെട്ടതാണ് മുന്നണിയിലെ പ്രധാന തർക്കം. പകരം എൽ.ഡി.എഫ് നാലാം സ്ഥാനത്തായ ലൈബ്രറി വാർഡാണ് വാഗ്ദാനം ചെയ്യുന്നത്. മുൻ ധാരണയുണ്ടെന്നാണ് സി.പിഎം പറയുന്നത്. 13 വാർഡിലാണ് സി.പി.എം സ്ഥാനാർത്ഥികളായത്. സിറ്റിംഗ് കൗൺസിലർമാരിൽ പ്രതിപക്ഷ നേതാവ് രാജീവ് സക്കറയ, മിനി ബൈജു എന്നിവർ മാത്രമാണ് മത്സരരംഗത്തുള്ളത്. ശാരീരികവിഷമതകളെ തുടർന്ന് ലോലിത ശിവദാസൻ, സർക്കാർ ജോലി ലഭിച്ചതിനാൽ ഷൈജി രാമചന്ദ്രൻ എന്നിവർ ഇക്കുറി പട്ടികയിലില്ല. മുൻ നഗരസഭ കമ്മീഷണർഎം.എൻ. സത്യദേവൻ, മുൻ കൗൺസിലർ ഗെയിൽസ് ദേവസി പയ്യപ്പിള്ളി, കഴിഞ്ഞതവണ ഒരു വോട്ടിന് പരാജയപ്പെട്ട ഷിബിലി ടീച്ചർ എന്നിവരും ഇക്കുറി രംഗത്തുണ്ട്. നിലവിൽ സി.പി.ഐക്ക് നാല് അംഗങ്ങളാണുള്ളത്.
എൻ.ഡി.എ
നഗരസഭയിൽ എല്ലാ വാർഡിലും ബി.ജെ.പി മത്സരിക്കും. എല്ലാ പഞ്ചായത്തുകളിലും ബി.ഡി.ജെ.എസിന് സീറ്റുണ്ട്. ഒരു പഞ്ചായത്തിൽ ശിവസേനക്കും സീറ്റുണ്ട്. നഗരസഭയിൽ കഴിഞ്ഞ തവണ 19-ാം വാർഡിൽ ജയിച്ച് അക്കൗണ്ട് തുറന്ന ബി.ജെ.പി ഇക്കുറി അഞ്ച് സീറ്റിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകിട്ട് നാലിന് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആദ്യപട്ടിക ഇന്ന് പുറത്തിറക്കുമെന്ന് മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ പറഞ്ഞു. പ്രഭാരി പത്മകുമാറും പങ്കെടുക്കും.