കൊച്ചി: ഫെമിനിസ്റ്റുകളെ അസഭ്യം പറഞ്ഞു വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ യൂ ട്യൂബർ വിജയ് പി. നായരെ മർദ്ദിച്ച കേസിൽ പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നീ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് സിംഗിൾബെഞ്ചിന്റെ വിധി.
സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നതുകൊണ്ടു മാത്രം പ്രതികളെ ജയിലിലടയ്ക്കേണ്ടതില്ലെന്നും ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അങ്ങേയറ്റം അനിവാര്യമാണെന്ന നിലപാട് പ്രോസിക്യൂഷനില്ലെന്നും വിലയിരുത്തിയാണ് സിംഗിൾബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും ഉറപ്പാക്കി ജാമ്യം നൽകണം. ആവശ്യപ്പെടുമ്പോൾ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല, സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ.
കേസിങ്ങനെ
സെപ്തംബർ 26ന് ഭാഗ്യലക്ഷ്മിയുൾപ്പെടെയുള്ള പ്രതികൾ തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനിൽ വിജയ് പി. നായർ താമസിക്കുന്ന ലോഡ്ജിൽ അതിക്രമിച്ചു കയറി ഇയാളെ മർദ്ദിച്ചെന്നും മഷിയൊഴിച്ചെന്നുമാണ് കേസ്. മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതികൾ ഇവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വീഡിയോ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിജയ് പി. നായർ ചർച്ചയ്ക്ക് വിളിച്ചതിനാലാണ് ലോഡ്ജിലേക്ക് പോയതെന്നും അവിടെയെത്തിയ തങ്ങളെ അയാൾ ആക്രമിച്ചെന്നും ഹർജിക്കാർ വാദിച്ചു. ഈ വാദത്തിന് മതിയായ തെളിവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.