ayavana
ആയവന എസ്.എച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രണ്ടര ഏക്കർ പാടത്ത് മുണ്ടകൻ കൃഷിക്ക് തുടക്കംകുറിച്ചുകൊണ്ട് വിത്ത് വിതയുടെ ഉദ്ഘാടനം ആയവന കൃഷി ഓഫീസർ ബോസ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: ആയവന എസ്.എച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രണ്ടര ഏക്കർ പാടത്ത് മുണ്ടകൻ കൃഷിക്ക് തുടക്കമായി. എസ്.എച്ച് ലൈബ്രറി പ്രവർത്തകരുടെ നേതൃത്വത്തിൽ ആയവന കൃഷി ഭവന്റെ സഹകരണത്തോടെയാണ് നെൽകൃഷി നടത്തുന്നത്. നൂറുമേനി പൊൻകതിരിനായി അദ്ധ്യാനത്തിന്റെ വിളഭൂമി എന്നതാണ് നെൽകൃഷിയിലൂടെ ഗ്രന്ഥശാല പ്രവർത്തകർ നൽകുന്ന സന്ദേശം. മൂന്നാമത് തവണയാണ് നെൽകൃഷി ഇറക്കുന്നത്. നെൽവിത്ത് സൗജന്യമായി കൃഷിഭവനിൽ നിന്ന് ലഭിക്കും. വളവും സബ്സിഡി നിരക്കിൽ കിട്ടും. നിലമൊരുക്കുന്നതും കളപറിക്കുന്നതുൾപ്പടെയുള്ള ജോലികൾ ചെയ്യുന്നത് ലൈബ്രറി പ്രവർത്തകരാണ്. കൃഷിയിൽ നിന്ന് ലഭിക്കുന്ന നെല്ല് ലൈബ്രറിയുടെ പ്രവർത്തന പരിധിക്കുള്ളിലെ സാധാരണക്കാർക്ക് സൗജന്യമായി നൽകുകയാണെന്ന് ലൈബ്രറി സെക്രട്ടറി രാജേഷ് ജയിംസ് പറഞ്ഞു. ആയവന കൃഷി ഓഫീസർ ബോസ് മുണ്ടകൻ പാടത്ത് വിത്ത് വിതച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ജെ.ജോണി കാക്കനാട്ട്, വൈസ് പ്രസിഡന്റ് ബിജോമാത്യു, സെക്രട്ടറി രാജേഷ് ജയംസ്, കമ്മറ്റി അംഗം ജയിംസ് എൻ. ജോഷി എന്നിവർ സംസാരിച്ചു.