മരട്: താറുമാറായിക്കിടന്ന കുണ്ടന്നൂർ - ഗാന്ധിസ്ക്വയർ റോഡ് പണി പൂർത്തിയാക്കിയപ്പോൾ റോഡിൽ കയറണമെങ്കിൽ ഏണിവേണമെന്ന അവസ്ഥയായി. മാസങ്ങളോളം അറ്റകുറ്റപ്പണികളുടെ പേരിൽ വാഹനനിയന്ത്രണം സഹിച്ച് സഹകരിച്ചപോന്ന നാട്ടുകാർക്കാണിപ്പോൾ റോഡിന്റെ പൊക്കക്കൂടുതൽ വിനയായി മാറിയിരിക്കുന്നത്. റോഡ് ഉയർത്തുന്ന അപകടഭീഷണിക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മരട് പൗരവേദിക്കുവേണ്ടി അഡ്വ.ഷെറി.ജെ.തോമസിന്റെ നേതൃത്വത്തിൽ പൊതുമരാമത്തു വകുപ്പ് മന്ത്രി ,
ഹൈബി ഈഡൻ എം.പി, എം. സ്വരാജ് എം.എൽ.എ, ജില്ലാകളക്ടർ, ദേശീയപാത എക്‌സിക്യുട്ടീവ് എൻജിനിയർ
തുടങ്ങിവർക്ക് പരാതിനൽകി.
# രണ്ടടിയിലേറെ ഉയരവ്യത്യാസം
റോഡ് പൊക്കി ടൈൽവിരിച്ചാണ് പണിപൂർത്തിയാക്കിയിട്ടുളളത്.അതിനാൽ റോഡിന് ഇരുവശവുമുള്ള സപ്പോർട്ട് റോഡുകളിലേക്ക് രണ്ടടിയിൽ അധികം ഉയരവ്യത്യാസംവന്നിട്ടുണ്ട്. റോഡിലേക്ക് വാഹനങ്ങൾ ഇറങ്ങുന്നതിനും കാൽനടക്കാർക്ക് നടന്നുപോകുന്നതിനുപോലും സ്ലോപ്പ് ഇട്ടിട്ടില്ല. മാത്രമല്ല ഹൈവേയ്ക്ക് സമീപമുള്ള തുറന്നകാനയിലേക്ക് അപകടകരമായ രീതിയിൽ വാഹനങ്ങൾ തെന്നിവീഴുന്ന അവസ്ഥയുമാണുള്ളത്.റോഡ് പണിയിലെ അശാസ്ത്രീയത മൂലമാണ് ഇതുണ്ടായത്. ഓരോതവണയും റോഡ് പണിയുമ്പോൾ അശാസ്ത്രീയമായി ഉയരംകൂട്ടുന്നതാണ് കാരണം.
ഇതിനോടകം നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യമുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.