തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് കൊടി ഉയരുവാൻ ഇനി ഏതാനും ദിവസം മാത്രമേയുള്ളുവെങ്കിലും ഉത്സവത്തിന് ഇനിയും അനുമതിയായില്ല. കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഉത്സവ നടത്തിപ്പിന് ഇനിയും അനുമതി ലഭിക്കാത്തതിനാൽ ക്ഷേത്രനഗരി ഉണർന്നിട്ടില്ല.14 ന് കൊടികയറി 21ന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കേണ്ടത്. അനുമതിക്കുവേണ്ടി ദേവസ്വം ബോർഡും ക്ഷേമസമിതിയും ദേവസ്വംമന്ത്രിയെ കണ്ടിരുന്നു. ഇതേത്തുടർന്ന് മന്ത്രി ഇന്നലെ കളക്ടറെ ചുമതലപ്പെടുത്തി. ഇന്ന് ദേവസ്വം ഭാരവാഹികളും സമിതി പ്രവർത്തകരും കളക്ടറെ കാണും

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഉത്സവം നടത്തുവാൻ നിർദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. തൃക്കേട്ട പുറപ്പാട്, ആറാട്ട് തുടങ്ങിയ ആചാരപ്രധാനമായ ദിവസങ്ങളിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കുവാൻ അനുമതി വേണമെന്നാണ് ആവശ്യം. സാധാരണയായി പതിനഞ്ച് ആനകളെ എഴുന്നള്ളിച്ചു നടത്തുന്ന ശീവേലിയാണ് ഉത്സവത്തിലെ പ്രധാനചടങ്ങ്. ഉത്സവകാലത്തെ വഴിയോരവാണിഭം ഇക്കുറിയുണ്ടാകുവാൻ സാദ്ധ്യതയില്ല.