കോലഞ്ചേരി: പ്രചരണത്തിനു സ്ഥാനാർത്ഥിക്കു മുന്നേ വീട്ടിലെത്തി നിരീക്ഷണത്തിനും സ്ക്വാഡ്. സ്ഥാനാർത്ഥിക്കൊപ്പം നാലുപേർക്കും വീടുകയറുന്നതിനു തടസമില്ല. പക്ഷേ, പ്രചാരണാവേശം വാനോളമുയരുമ്പോൾ കൊവിഡ് ബാധിതരുടെ വീടുകളിൽ അറിയാതെപോലും കയറരുതെന്നാണ് നിർദ്ദേശം. കയറിയാൽ ആരോഗ്യ പ്രവർത്തകർ പിടികൂടി ക്വാറന്റൈനിലാക്കും. പിന്നെ, ഏഴുദിവസം കഴിഞ്ഞ് കൊവിഡ് പരിശോധനാഫലം നെഗറ്റീവായാൽ മാത്രമെ പുറംലോകം കാണാനാവൂ. സ്ഥാനാർഥികളാണെന്നു കരുതി കൊവിഡ് മാനദണ്ഡങ്ങളിലോ ക്വാറന്റൈനിലോ ഒരിളവും ലഭിക്കില്ല. അതിനാൽ, നോക്കിയും കണ്ടുമൊക്കെ വോട്ടുപിടിക്കണമെന്നാണ് വിവിധ പാർട്ടി നേതൃത്വവും ആരോഗ്യവിദഗ്ദ്ധരും നൽകുന്ന മുന്നറിയിപ്പ്. സ്ഥാനാർത്ഥികളായി സീറ്റുറപ്പിച്ച പലരും ഓരോ വീട്ടിലുമുള്ള ആളുകളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ അനുയായികളെ ഏർപ്പാടാക്കിക്കഴിഞ്ഞു. ഏതെങ്കിലും വീട്ടിലുള്ളവർക്ക് കൊവിഡ് ബാധിച്ചെന്നറിഞ്ഞാൽ അപ്പപ്പോൾ റിപ്പോർട്ട് ലഭിക്കുന്ന തരത്തിലാണ് വാർഡുകളിൽ കാര്യങ്ങൾ നീങ്ങുന്നത്. കണ്ടെയ്ൻമെന്റ് സോണും സ്ഥാനാർത്ഥിയെ വട്ടംചുറ്റിക്കും. പ്രത്യേകിച്ച് മറ്റു വാർഡുകളിൽ നിന്നു വന്ന് സ്ഥാനാർത്ഥികളാകുന്നവരെ. ഏതെങ്കിലുമൊരു വാർഡ് കണ്ടെയിൻമെന്റ് സോണാക്കിയാൽ അവിടേക്ക് പുറത്തുനിന്നുള്ളവർക്കു പ്രവേശനമില്ല. ഇതു സ്ഥാനാർത്ഥികൾക്കും ബാധകമാകും. ആഴ്ചകളോളം വാർഡ് കണ്ടയിൻമെന്റ് സോണായാൽ നേരിട്ടുള്ള ഒരു പ്രചരണവും നടക്കില്ല. ഈ സമയത്ത് ഡിജിറ്റൽ പ്രചരണങ്ങൾ മാത്രമാണ് ആയുധം. ഇതിനായി വാട്‌സാപ്പ് കൂട്ടായ്മകളും ഓൺലൈൻ യോഗങ്ങളുമൊക്കെ സ്ഥാനാർത്ഥികൾ തീരുമാനിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, പ്രചരണ സാമഗ്രികളും റെഡിയാണ്. ഹരിത ചട്ടം പാലിക്കേണ്ടതിനാൽ തുണി ഉല്പന്നങ്ങളാണ് അധികവും. പ്ളാസ്റ്റിക് ഫ്ളെക്സുകൾക്ക് പ്രവേശമില്ലാത്ത തിരഞ്ഞെടുപ്പ് കൂടിയാണിത്.