ആലുവ: ആലുവ ഇ.എസ്.ഐ പരിസരത്തെ പൈപ്പ് ലൈൻ റോഡിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടും നീക്കം ചെയ്യാതെ നഗരസഭ അധികാരികൾ. ഭരണ - പ്രതിപക്ഷാംഗങ്ങൾ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിക്കുന്നതിനായി നെട്ടോട്ടമോടുമ്പോൾ പൈപ്പ് ലൈൻ റോഡിലൂടെ പോകുന്നവർ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.
നഗരസഭ തന്നെ വിവിധ മേഖലകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം പ്ളാസ്റ്റിക് ചാക്കുകളിലാക്കിയാണ് വഴിയരികിൽ സംഭരിച്ചിരിക്കുന്നത്. എം.എൽ.എ ഓഫീസ്, ഇ.എസ്.ഐ ഡിസ്പെൻസറി, ബി.എസ്.എൻ.എൽ, വാട്ടർ അതോറിട്ടി, ഐ.എം.എ ഹാൾ, ബാങ്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർക്കുന്ന വഴിയിലാണ് മാലിന്യം കുമിഞ്ഞുകൂടിയിട്ടുള്ളത്.
# തിരക്കേറിയ വഴിയിലെ ദുരിതം
സബ് ജയിൽ റോഡിൽ നിന്നും ഗവ. ആശുപത്രി കവലയിലേക്ക് വേഗത്തിൽ ഗതാഗതക്കുരുക്കില്ലാതെ എത്താൻ കഴിയുന്ന റോഡായതിനാൽ കാൽനട യാത്രക്കാരും ഈ വഴിയാണ് ഉപയോഗിക്കുന്നത്. ദുർഗന്ധത്തെ തുടർന്ന് കാൽനട യാത്രക്കാർക്ക് മൂക്ക് പൊത്താതെ പോകാൻ വഴിയില്ലെങ്കിലും ഇപ്പോൾ മാസ്ക് ഉള്ളതിനാൽ ആശ്വാസമാണ്.
ഇ.എസ്.ഐ ഡിസ്പെൻസറിയിൽ ചികിത്സ തേടിയെത്തുന്ന സാധാരണക്കാർക്ക് മറ്റ് രോഗങ്ങൾകൂടി കിട്ടുന്ന അവസ്ഥയാണ്. മഴയത്ത് വഴി നീളെ മലിനജനം ഒഴുകും.