കോലഞ്ചേരി: പുത്തൻകുരിശ് ടൗണിലേയ്‌ക്കെത്തുന്നവർ ഇനി വിശന്നിരിക്കേണ്ട. 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. ചോറ്, സാമ്പാർ,അവിയൽ, തോരൻ, അച്ചാർ അടങ്ങുന്നതാണ് ഊണ്.മീൻ കറിയോ വറുത്തതോ, ചിക്കനോ, ബീഫോ സ്‌പെഷ്യലായി വാങ്ങാം. പുത്തൻകുരിശ് പഞ്ചാത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടലിലാണ് ഊണ്. പാഴ്‌സൽ വേണ്ടവർ 5 രൂപ കൂടുതൽ നൽകണം. വിശപ്പു രഹിത ഗ്രാമമെന്ന പദ്ധതിയുടെ ഭാഗമാണ് ജനകീയ ഹോട്ടൽ. ഇതിനായി 10 ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ വകയിരുത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.കെ.പി വിശാഖ്, ടി.കെ പോൾ, സോഫി ഐസക്ക്, പഞ്ചാത്തംഗങ്ങളായ ബെന്നി പുത്തൻവീടൻ, ലീന മാത്യു, മേരി പൗലോസ്, ലിസ്സി ഏലിയാസ്, കുടുംബശ്രീ ചെയർപേഴ്സൺ വിശാലം ബാബു തുടങ്ങിയവർ സംബന്ധിച്ചു. 20 രൂപയുടെ ഊണിന് പത്ത് രൂപ കുടുംബശ്രീ സബ്‌സിഡിയായി നൽകും. പഞ്ചായത്ത് കോമ്പൗണ്ടിലാണ് ഹോട്ടലിന്റെ പ്രവർത്തനം.