local-body-election

ആലുവ: പത്രികസമർപ്പണം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ആലുവ മേഖലയിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞില്ല. മുന്നണികളിലും പാർട്ടികളിലും തർക്കമുണ്ട്.

ആലുവ മണ്ഡലത്തിൽ ആലുവ നഗരസഭയും കീഴ്മാട്, എടത്തല, ചൂർണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളിലുമായി 152 വാർഡുകളുണ്ട്. വാഴക്കുളം, പാറക്കടവ് ബ്‌ളോക്ക് പഞ്ചായത്തുകളുടെ പരിധികളിലായി 15 ബ്‌ളോക്ക് ഡിവിഷനുകളും കീഴ്മാട്, എടത്തല, നെടുമ്പാശേരി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമുണ്ട്. മുന്നണികൾക്കെല്ലാം പാതിസ്ഥലത്താണ് സ്ഥാനാർത്ഥികളായത്. പലയിടത്തും ഒന്നിലേറെ പേരുണ്ട്. ഇരുമുന്നണികളും ധാരണയായ വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ആലുവ നഗരസഭയിൽ ബി.ജെ.പി ആദ്യഘട്ടം 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

# യു.ഡി.എഫ്

യു.ഡി.എഫിനാണ് വിമതഭീഷണി കൂടുതൽ. ബ്‌ളോക്ക് സ്‌ക്രൂട്ടനി കമ്മിറ്റിയിലും തീരുമാനമാകാത്തതിനാൽ ആലുവ നഗരസഭയിലെ 14 വാർ‌ഡുകളിലെ സ്ഥാനാർത്ഥി നിർണയം ഡി.സി.സിക്ക് വിട്ടു. നഗരസഭയിൽ 26 സീറ്റിലും കോൺഗ്രസ് മാത്രം മത്സരിക്കുന്നതിൽ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പ്രതിഷേധത്തിലാണ്. കഴിഞ്ഞതവണ പത്ത് സീറ്റിൽ മത്സരിച്ച ഐ ഗ്രൂപ്പ് ഇക്കുറി 13 സീറ്റാണ് ആവശ്യപ്പെടുന്നത്.

എൽ.ഡി.എഫ്

നഗരസഭയിൽ സി.പി.എം 20 സീറ്റിലും സി.പി.ഐ ആറിടത്തുമാണ് മത്സരിക്കുന്നത്. മറ്റ് ഘടകകക്ഷികൾക്ക് സീറ്റില്ല. കഴിഞ്ഞവട്ടം സി.പി.ഐ ജയിച്ച അഞ്ചാംവാർഡ് ഇക്കുറി സി.പി.എം ആവശ്യപ്പെടുന്നുണ്ട്. പകരം എൽ.ഡി.എഫ് നാലാംസ്ഥാനത്തായ ലൈബ്രറി വാർഡാണ് വാഗ്ദാനം ചെയ്യുന്നത്. 13 വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികളായെങ്കിലും പ്രഖ്യാപിച്ചിട്ടില്ല. സിറ്റിംഗ് കൗൺസിലർമാരിൽ പ്രതിപക്ഷനേതാവ് രാജീവ് സക്കറിയ, മിനി ബൈജു എന്നിവരാണ് മത്സരിക്കുന്നത്. മുൻ നഗരസഭാ കമ്മീഷണർ എം.എൻ. സത്യദേവൻ ചെയർമാൻ സ്ഥാനാർത്ഥിയായുണ്ട്. സി.പി.ഐ ആറ് സീറ്റിലും മത്സരിപ്പിക്കുന്നത് പുതുമുഖങ്ങളെ ആയിരിക്കും.

എൻ.ഡി.എ

നഗരസഭയിൽ ബി.ജെ.പി 11 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി ചെയർമാൻ സ്ഥാനാർത്ഥിയായി 18ൽ എ.സി. സന്തോഷ്‌കുമാർ മത്സരിക്കും. നഗരസഭയിലെ ബി.ജെ.പിയുടെ ഏക സിറ്റിംഗ് കൗൺസിലറാണ്. ആദ്യപട്ടികയിലെ മറ്റ് സ്ഥാനാർത്ഥികൾ: ഇല്യാസ് അലി (വാർഡ് ഒന്ന്), അനിൽകുമാർ (മൂന്ന്), എൻ. ശ്രീകാന്ത് (നാല്), ഉമാ ലൈജി (അഞ്ച്), ഡോ. രാധാ കലാധരൻ (എട്ട്), പി.ആർ.. ഷിബു (ഒൻപത്), ശ്രീലത രാധാകൃഷ്ണൻ (10), പി.എസ്. പ്രീത (11), എം.കെ. സതീഷ് (13), ജോയി വർഗീസ് (16).

എല്ലാ പഞ്ചായത്തുകളിലും ബി.ഡി.ജെ.എസിന് സീറ്റുണ്ട്. ഒരു പഞ്ചായത്തിൽ ശിവസേനയ്ക്കും സീറ്റുണ്ട്.