village-office
പുതിയ വില്ലേജ് ഓഫീസ്

പെരുമ്പാവൂർ: ആരോടും പറയാതെ ആരെയും അറിയിക്കാതെ പെരുമ്പാവൂർ വില്ലേജ് ഓഫീസിന്റെ കൂട് വിട്ട് കൂടുമാറ്റം. എ.എം റോഡിൽ പ്രവർത്തിച്ചിരുന്ന പെരുമ്പാവൂർ വില്ലേജ് ഓഫീസ് കോടതിക്ക് സമീപം പഴയ താലൂക്ക് ഓഫീസിനോട് ചേർന്ന് ഇലക്ഷൻ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. പാർക്കിംഗ് സൗകര്യമൊന്നും ഇല്ലാതെ വളരെ പരിമിതമായ ഇടുങ്ങിയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. പെരുമ്പാവൂരിന്റെ വികസനവും ബൈപ്പാസ് റോഡും മറ്റും വരുന്നതോടെ നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലം എടുത്തു പോകും എന്നുളളതും പെട്ടെന്നുളള മാറ്റത്തിന് പിന്നിലുണ്ട്. കൂടാതെ പെരുമ്പാവൂർ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തുവാനുളള നിർദ്ദേശവും പോയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂവകുപ്പിന്റെ തന്നെ അധീനതയിലുളള ഏകദേശം 25 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് പെട്ടെന്ന് വില്ലേജ് ഓഫീസ് മാറ്റുവാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
ആരോടും പറയാതെയും ആഘോഷങ്ങളില്ലാതെയും ഓഫീസ് മാറ്റിയത് രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും മറ്റും മുറുമുറുപ്പ് ഉണ്ടാക്കിയെങ്കിലും തിരഞ്ഞെടുപ്പ് സമയമായതിനാൽ ആരും പുറത്ത് കാണിക്കുന്നില്ല.