untold

ഫോർട്ടുകൊച്ചി: അൺ ടോൾഡ് എന്ന കോഫി പുസ്തകത്തിലൂടെ സഞ്ചാര പ്രിയർക്ക് കാണാത്ത കേരളത്തെ കാണാം.കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രണ്ട് എൻഡ് മീഡിയയാണ് യാത്ര ഇഷ്ടപ്പെടുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ ഒരു വർഷമായി ഇതിനു പിന്നിലെ അണിയറ പ്രവർത്തകർ തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള 14 ജില്ലകൾ സന്ദർശിച്ച് പ്രകൃതിയെ കണ്ടും തൊട്ടറിഞ്ഞും മനോഹരങ്ങളായ ചിത്രങ്ങൾ പകർത്തിയും രൂപകൽപ്പന ചെയ്ത സുന്ദരമായ ഒരു ആവിഷ്ക്കാരമാണിത്. പ്രകൃതി സൗന്ദര്യം കനിഞ്ഞ് നൽകിയതും എന്നാൽ സഞ്ചാരികളുടെ കണ്ണ് എത്താത്ത ഈ സ്ഥലങ്ങൾ കേരളത്തിൽ തന്നെയുള്ളതാണോ എന്ന് സംശയിച്ചു പോകും.കൊറോണക്കാലം കവർന്ന ടൂറിസം മേഖല വീണ്ടും ഉയർത്തെഴുന്നേൽക്കുമ്പോൾ സഞ്ചാരം ഇഷ്ടപ്പെടുന്നവർക്ക് പ്രകൃതി സൗന്ദര്യത്തിന്റെ മടിയിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ കഴിയുന്ന സ്ഥലങ്ങൾ അതി മനോഹരമായി ഇതിൽ വർണ്ണിച്ചിട്ടുണ്ട്.

കാണാത്ത കാഴ്ചകൾ

കേരളത്തിനകത്തെ പാണ്ടിപ്പത്ത്, വരയാട്ടു മൊട്ട, മങ്കയം, മണ്ണീറ വെള്ളച്ചാട്ടം, അടവി, മാർമല വെള്ളച്ചാട്ടം, പണ്ടലുർ മല, നെടുങ്കയം മലക്കാട് എന്നീ സ്ഥലങ്ങളിൽ അധികം ആരും എത്തിയിട്ടില്ല. പ്രകൃതി സൗന്ദര്യം ഇവിടെ കരകവിഞ്ഞ് ഒഴുകുകയാണ്.ഇവിടെ എങ്ങനെ എത്തിച്ചേരാം, താമസിക്കാൻ പറ്റുന്ന റിസോർട്ടുകൾ, നാടൻ ഭക്ഷണം തുടങ്ങിയ വിവരങ്ങളും ഈ ബുക്കിലുണ്ട്.

കേരള തമിഴ്നാട് അതിർത്തിയിലാണ് പാണ്ടിപ്പത്ത് സ്ഥിതി ചെയ്യുന്നത്.മാർമല വെള്ളച്ചാട്ടം കോട്ടയത്തും മണ്ണിറ വെള്ളച്ചാട്ടം കോന്നിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇത് പലർക്കും അറിയില്ല.