അങ്കമാലി: നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസിയെ സിറ്റിംഗ് വാർഡായ ഒമ്പതാംവാർഡിൽ നിന്നുതന്നെ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനം. ഇക്കുറി ഇത് ജനറൽ വാർഡാണ്. വാർഡ് 11 ജനറൽ ആണെങ്കിലും നിലവിലെ കൗൺസിലർ ലേഖ മധുവും മത്സരിക്കുമെന്നാണ് സൂചന. എൽ.ഡി.എഫിൽ നിലവിലെ കൗൺസിലർമാരായ വൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർ പതിനാലിലും ഷോബി ജോർജ് വാർഡ് ഒന്നിലും വിനിത ദിലീപ്കുമാർ വാർഡ് 13ലും ടി. വൈ. ഏല്യാസ് വാർഡ് 17 ലും മത്സരിക്കുമെന്നാണ് സൂചന.
എൽ.ഡി.എഫിൽ സ്ഥാനാർത്ഥി നിർണയം അവസാനഘട്ടത്തിലാണ്. ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികളുടെ പേരുകൾ പരിഗണിക്കുന്ന മൂന്നു വാർഡുകളിലെ തർക്കം പരിഹരിക്കാനായാൽ ഈ ആഴ്ച തന്നെ സ്ഥാനാർത്ഥികളുടെ പൂർണചിത്രമാകും.
യു.ഡി.എഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട കമ്മിറ്റിയുടെ പ്രഖ്യാപനം ഇന്നലെയാണ് വന്നത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എസ് ഷാജി ചെയർമാനായ കമ്മിറ്റിയിൽ എ ഗ്രൂപ്പിൽ നിന്നും കെ.ടി. മുരളി, കെ.കെ. ജോഷി, സാജി ജോസഫ്, കെ.വി. ബേബി ഐഗ്രൂപ്പിൽനിന്നും അഡ്വ. ഷിയോ പോൾ, പി.ടി. പോൾ, മാത്യു തോമസ്, ബാസ്റ്റിൻ പാറക്കൽ എന്നിവരുമാണുള്ളത്. കമ്മിറ്റിയുടെ ആദ്യയോഗം നാളെ ചേരും.
കെ.പി.സി.സി മാനദണ്ഡം അനുസരിച്ചേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് എ വിഭാഗത്തിന്റെ ഉറച്ച നിലപാട്. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ചർച്ചപോലും തുടങ്ങിയിട്ടില്ലന്ന് പറയുന്നുണ്ടെങ്കിലും പല വാർഡുകളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. യു.ഡി.എഫിൽ നിന്നും സിറ്റിംഗ് കൗൺസിലർമാരായ റെജി മാത്യു, റീത്തപോൾ,ടി.ടി.ദേവസിക്കുട്ടി, ബാസ്റ്റിൻ പാറക്കൽ എന്നിവർ വീണ്ടും മത്സരിക്കുമെന്നാണ് സൂചന.

നഗരസഭയിലെ ആകെയുള്ള മുപ്പത് വാർഡുകളിലും എൻ.ഡി.എ മുന്നണി മത്സരിക്കും. ഇതിൽ പതിനഞ്ച് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. നിയോജകമണ്ഡലത്തിലെ എഴുപത്തഞ്ച് ശതമാനം സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് കോതകുളങ്ങര പറഞ്ഞു.