തൃപ്പൂണിത്തുറ: ഒരുവശത്ത് കൊവിഡ് ദുരിതം. മറുവശത്താകട്ടെ കുതിക്കുന്ന ഇന്ധന വിലക്കയറ്റവും. ഇതിനിടയിൽപ്പെട്ട് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിലായ അനേകം ബസ് ഉടമകളിൽ ഒരളാണ് തെക്കൻ പറവൂർ സ്വദേശി രാജുവും. എന്നാൽ പ്രതിസന്ധിക്ക് മുന്നിൽ തളരാതെ ബസ് സർവീസിൽ തന്നെ പുതുപരീക്ഷണം നടത്തി വിജയം നേടിയിരിക്കുകയാണ് ഈ സ്വകാര്യബസ് ഉടമ.
ഡീസൽ എൻജിൻ ബസിനെ സി.എൻ.ജിയിലേക്ക് മാറ്റി നിരത്തിലിറക്കിയാണ് രാജു വിജയത്തിലേക്ക് വണ്ടി ഓടിക്കുന്നത്. പ്രതിസന്ധികാലത്തും ബസ് സർവീസിലൂടെ 1000 രൂപ മിച്ചം പിടിക്കാൻ സാധിക്കുന്നുണ്ടെന്ന് രാജു പറയുന്നു.
ചെലവ് നാല് ലക്ഷം
മാസങ്ങൾക്ക് മുമ്പ് ബസ് ഡൽഹിയിൽ എത്തിച്ചാണ് രാജു സി.എൻ.ജിലേക്ക് മാറ്റിയത്. നാല് ലക്ഷം രൂപ ഇതിനായി മുടക്കി. ബസ് സി.എൻ.ജിയിലേക്ക് മാറ്റിയെങ്കിലും നിരത്തിൽ ഇറക്കാൻ കേന്ദ്രാനുമതി ലഭിച്ചില്ല. അടുത്തിടെയാണ് ഈ അനുമതി ലഭിച്ചത്. ആലുവ-പൂത്തോട്ട റൂട്ടിലാണ് കൊച്ചിയിലെ ആദ്യത്തെ സി.എൻ.ജി സ്വകാര്യ ബസ് സർവീസ് നടത്തുന്നത്.
75ൽ നിന്ന് 56ലേക്ക്
ഇന്ധന വിലക്കയറ്റം ബസ് ഉടമകളെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. നിരക്ക് വർദ്ധിപ്പിച്ചെങ്കിലും പലർക്കും പിടിച്ച് നിൽക്കാനായില്ല. ഈ മേഖല തന്നെ പല ഉടമകളും ഉപേക്ഷിച്ചു. കൊച്ചിയിൽ 1000 സ്വകാര്യ സുകളുണ്ടായ ഇടത്ത് ഇപ്പോൾ സർവീസ് നടത്തുന്നത് 300 എണ്ണം മാത്രം.നിലവിൽ ഒരു ലിറ്റർ ഡീസലിന് 75 രൂപ നൽകണം. സി.എൻ.ജിക്ക് 56ഉം. ഇന്ധച്ചെലവിലെ ഈ അന്തരം ഉടമകളെ സംബന്ധിച്ച് ആശ്വാസമാണ്. എന്നാൽ നാല് ലക്ഷത്തോളം മുടക്കി സി.എൻ.ജിയിലേക്ക് മാറ്റാൻ ഈ സാഹചര്യത്തിൽ പല ബസുടമകൾക്കും കഴിയാത്ത സ്ഥിതിയാണ്.
ചെലവിനത്തിൽ ആയിരം രൂപ ലാഭിക്കുവാൻ കഴിയുന്നുണ്ട്. മലിനീകരണം കുറവായതിനാൽ പരിസ്ഥിതിക്കും നല്ലതാണ്. ഇപ്പോൾ കൊച്ചിയിൽ തന്നെ ബസുകൾ സി.എൻജിയിലേയ്ക്ക് മാറ്റാം. അനുമതിയും ലഭിക്കും.സി.എൻ.ജി ബസുകൾ വ്യാപകമാക്കാൻ സർക്കാർ ബസുടമകൾക്ക് സബ്സിഡി നൽകാൻ തയ്യാറാകണം.
രാജു