കൊച്ചി: രാഷ്‌ട്രിയഭിന്നതകൾ മറന്ന് അവസാന കൗൺസിൽ യോഗത്തിനായി കൗൺസിലർമാർ ഇന്നലെ സുഭാഷ്‌പാർക്കിൽ ഒത്തുകൂടി. മുദ്രാവാക്യങ്ങളോ കുത്തിയിരിപ്പ് സമരങ്ങളോ ഉണ്ടായില്ല. സീറ്റ് കിട്ടിയോ എന്ന് ആകാംക്ഷയോടെ പരസ്പരം ചോദിച്ചു. സീറ്റ് ഉറപ്പിച്ചവരുടെ മുഖത്ത് ആഹ്ളാദം, തഴയപ്പെട്ടവർ നിരാശയിൽ, പിരിമുറുക്കത്തിന്റെ കൊടുമുടിയിലായിരുന്നു എല്ലാവരും.

# സീറ്റ് കിട്ടാതെ സീനിയേഴ്സ്

സംവരണഡിവിഷൻ നിശ്ചയിച്ചപ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് സീറ്റില്ലാതായി. ഒരു സീറ്റിനുവേണ്ടി അഞ്ചുംആറുംപേർ ഇടിച്ചുനിൽക്കുന്നതിനാൽ മറ്റ് ഡിവിഷനിലേക്ക് മാറുന്നകാര്യം ആലോചിക്കാൻപോലും കഴിയാത്ത അവസ്ഥ. എൽ.ഡി.എഫിലെയും സ്ഥിതി വ്യത്യസ്തമല്ല. പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, വി.പി.ചന്ദ്രൻ എന്നിവർ മത്സരത്തിനില്ല. പൂർണിമ നാരായൺ, പ്രതിഭ അൻസാരി, ജഗദംബിക എന്നിവർ ജനറൽസീറ്റിൽ മത്സരിക്കും. യു.ഡി.എഫിലെ ഷൈനി മാത്യു, വി.കെ. മിനിമോൾ, തുടങ്ങിയവർ ഇത്തവണയും മത്സരരംഗത്തുണ്ട്. പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയ്യാറായി സൗമിനി ജെയിനും റെഡി. സീറ്റ് ഉറപ്പായതിന്റെ ആശ്വാസത്തിലായിരുന്നു ബി.ജെ.പി കൗൺസിലർ സുധ ദിലീപ്കുമാർ. പാർട്ടിയുടെ നിർദേശം എന്തായാലും അനുസരിക്കുമെന്ന് ആദ്യലിസ്റ്റിൽ പേരില്ലാത്ത സീനിയർ കൗൺസിലർ ശ്യാമളപ്രഭു പറഞ്ഞു.

# കായലോരത്ത് ഒരു നാട്ടുകൂട്ടം

കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനായി കുറച്ചുനാളായി കൗൺസിൽ യോഗം എറണാകുളം ടൗൺഹാളിലാണ് ചേർന്നിരുന്നത്. മേയർ സൗമിനി ജെയിനിന്റെ ആഗ്രഹപ്രകാരമാണ് അവസാന കൗൺസിൽയോഗവും സ്‌നേഹവിരുന്നും സുഭാഷ് പാർക്കിലേക്ക് മാറ്റിയത്. ഊണിന് മുമ്പ് ഫോട്ടോ സെഷൻ, അതുകഴിഞ്ഞ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ മേയറുടേയും പ്രതിപക്ഷനേതാവിന്റെയും പാട്ട്. പിന്നീട് പാർക്കിലെ ഇലഞ്ഞിമരച്ചോടിന്റെ തണലിൽ അവർ ഒന്നിച്ചിരുന്നു.
മരച്ചുവട്ടിൽ മേയർക്കും അംഗങ്ങൾക്കുമായി കസേരകൾ ഒരുക്കിയിരുന്നു. കൗൺസിലിനുള്ള ബെൽ മൊബൈൽ ഫോണിൽനിന്ന് മുഴങ്ങി. ഗൗൺധരിച്ച് സൗമിനി ജെയിൻ അദ്ധ്യക്ഷകസേരയിലിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ പിന്തുണ നൽകിയ പ്രതിപക്ഷത്തിനും മറ്റ് അംഗങ്ങൾക്കും മേയർ നന്ദിപറഞ്ഞു. പ്രതിപക്ഷനേതാവ് കെ.ജെ. ആന്റണിയുടെ പിറന്നാളാണെന്ന് അപ്പോഴാണ് എല്ലാവരും അറിയുന്നത്. അതോടെ കൗൺസിൽ യോഗത്തിൽ 'ഹാപ്പി ബെർത്ത് ഡേ' ഗാനം ഉയർന്നു. മേയർ കെ.ജെ.ആന്റണിക്കും സഹ കൗൺസിലർമാർക്കും ഉപഹാരങ്ങൾ നൽകി. അംഗങ്ങളുടെ വിടവാങ്ങൽ പ്രസംഗങ്ങൾക്കുശേഷം അവസാന അജണ്ട പാസാക്കി. വ്യാപാരികളുടെ ഡി.ആൻഡ്.ഒ ലൈസൻസ് പുതുക്കുന്നതിനുള്ള തീയതി മുപ്പത് വരെ നീട്ടുന്നതായിരുന്നു അജണ്ട.