പെരുമ്പാവൂർ : സാംസ്കാരിക വകുപ്പിന്റെ ശ്രേഷ്ഠഭാഷാ വർഷാചരണത്തിന്റെ വിജ്ഞാന സംരംഭമായ വായനപൂർണിമ നൽകുന്ന അക്ഷരപ്പെരുമ പുരസ്‌കാരം ഒക്കൽ തച്ചയത്ത് നാരായണൻവൈദ്യർ മെമ്മോറിയൽ വായനശാലയ്ക്ക് ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണൻ 14 ന് ഒക്കൽ ശ്രീനാരായണ ബിഎഡ് കോളേജ് ഹാളിൽ നടക്കുന്ന ചടങ്ങിൽ നൽകും. കൊവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിനാണ് വായനശാലയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. വായനക്കൂട്ടം, പഠനവീട്, പ്രതിമാസ വിജ്ഞാനപ്പരീക്ഷ, ലഹരിവിരുദ്ധ കാവൽക്കൂട്ടം, കൃഷി പ്രോത്സാഹനം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, പി.എസ്.പി പരീക്ഷ പരിശീലനം, ഓൺലൈൻ മത്സരങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കൊവിഡ് കാലത്തും വായനശാല ഏറ്റെടുത്ത് നടത്തിയത്. വായനപ്പെരുമ ബഹുമതി പത്രം, ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് പി.കെ സോമനും, ബഹുമതി പത്രം ജില്ല ലൈബ്രറി സെക്രട്ടറി എം.ആർ സുരേന്ദ്രനും സമ്മാനിക്കും. കവി ജയകുമാർ ചെങ്ങമനാട് മുഖ്യപ്രഭാഷണവും, പുരസ്‌കാര പരിചയപ്പെടുത്തൽ, വായനപൂർണ്ണിമ ചീഫ് കോർഡിനേറ്റർ ഇ.വി നാരായണൻ മാസ്റ്ററും നടത്തും. വായനശാലപ്രസിഡന്റ് സി.വി ശശി അദ്ധ്യക്ഷത വഹിക്കും. പി.ജി സജീവ്, കെ.ഡി ഷാജി, കെ.അനുരാജ്, എം.വി ബാബു എന്നിവർ സംസാരിക്കും.