spc
എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച സാധനങ്ങൾ ഞാറക്കൽ സി ഐ പി.എസ്. ധർമ്മജിത്ത് എസ്.പി.സി അസി ജില്ലാമേധാവി പി.എസ്. ഷാബുവിന് കൈമാറുന്നു

വൈപ്പിൻ: ഉറ്റവരും ഉടയവരുമില്ലാത്ത ബാല്യങ്ങൾക്ക് കൈത്താങ്ങായി സ്‌കൂൾ കുട്ടികൾ രംഗത്ത്. അനാഥമന്ദിരങ്ങളിലെ അന്തേവാസികളായ കുട്ടികൾക്ക് നൽകാനായി എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിൽ സ്ഥാപിച്ച പെട്ടിയിലേക്കാണ് സഹായപ്രവാഹം ഒഴുകിയെത്തിയത്. വസ്ത്രങ്ങൾ, പോഷകാഹാരങ്ങൾ, ഭക്ഷ്യവസ്തുക്കൾ, നോട്ടുബുക്കുകൾ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, കളർ പെൻസിലുകൾ തുടങ്ങി ഒരുലക്ഷം രൂപയിലേറെ വിലമതിപ്പുള്ള അവശ്യവസ്തുക്കളാണ് ലഭിച്ചത്. ഇവയെല്ലാം ശിശുദിനത്തിൽ വിവിധ അനാഥാലയങ്ങളിലെ കുട്ടികൾക്ക് കൈമാറും.

സമാഹരണത്തിന് സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ നേതൃത്വം നൽകി. പത്ത് വയസിനു താഴെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന അവശ്യവസ്തുക്കളാണ് സമാഹരിച്ചത്. എസ്.പി.സി ഏഴാം ബാച്ചിലെ കുട്ടികൾ 30 കിടക്കകൾ സംഭാവന ചെയ്തു. പൂർവവിദ്യാർത്ഥികളും രക്ഷകർത്താക്കളും സമാഹരണത്തിൽ പങ്കുചേർന്നു.

35 പെട്ടികളും 30 കിടക്കകളും ഉൾപ്പെടെയുള്ള സാധനങ്ങൾ ഞാറക്കൽ പൊലീസ് ഇൻസ്‌പെക്ടർ പി.എസ്. ധർമ്മജിത്ത് എസ്.പി.സിയുടെ ജില്ലാ അസി. മേധാവി പി.എസ്. ഷാബുവിന് കൈമാറി. പ്രധാനാദ്ധ്യാപിക എ.കെ. ശ്രീകല, ഡ്രിൽ ഇൻസ്‌പെക്ടർ ഇ.എം. പുരുഷോത്തമൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കെ.ജി. ഹരികുമാർ, ആർ. നിഷാര തുടങ്ങിയവർ സംസാരിച്ചു.