ആലുവ: കീഴ്മാട് ജി.ടി.എൻ കമ്പനി മുതൽ കൃപ ബസ്സ് സ്റ്റോപ്പ് വരെ പതിനൊന്ന് വഴിവിളക്കുകൾ തെളിയാതായിട്ട് മാസങ്ങളായി. കമ്പനിയുടെ അധീനതയിൽപ്പെടുന്ന പോസ്റ്റുകൾ ആയതിനാൽ കമ്പനി മാനേജ്‌മെന്റിനും പഞ്ചായത്ത് അധികാരികൾക്കും നാട്ടുകാർ പലവട്ടം പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. ഇതുമൂലം കാൽനട യാത്രക്കാരാണ് വിഷമിക്കുന്നത്. വഴിയിൽ ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യമുണ്ട്. ഇരുട്ടിന്റെ മറവിൽ പ്ലാസ്റ്റിക്ക് ചാക്കിൽ നിറച്ച അറവുമാലിന്യങ്ങൾ റോഡിൽ തള്ളുന്നതും പതിവാണ്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ് പഞ്ചായത്ത് സമിതി സെക്രട്ടറി സി.കെ. സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.