ആലുവ: ജില്ലാ ആശുപത്രി കവാടത്തിലെ സുരക്ഷാകാബിൻ ഉൾപ്പെടെ ലോട്ടറി കച്ചവടക്കാർ കൈയേറിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കരാറുകാരായ സ്വകാര്യ സുരക്ഷാ ഏജൻസിക്ക് നോട്ടീസ് നൽകുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി അറിയിച്ചു.
'സെക്യൂരിറ്റി മുറിയോ ലോട്ടറിക്കച്ചവട കേന്ദ്രമോ' എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടിക്ക് ആശുപത്രി അധികൃതർ നീക്കമാരംഭിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ കരാറുകാർക്കെതിരെ നടപടിയെടുക്കുന്നതിന് നോട്ടീസ് നൽകാൻ തീരുമാനിച്ചു. നിലവിലുള്ള കരാറുകാരുടെ കാലാവധി ഉടൻ അവസാനിക്കും. പുതിയ കരാറുകാർക്ക് ടെൻഡറും നൽകിയിട്ടുണ്ട്. ആശുപത്രി കവാടത്തിലെ സുരക്ഷാ കാബിൻ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുള്ളതാണ്. ഈ കെട്ടിടത്തിലും ലോട്ടറി വില്പന അനുവദിക്കില്ലെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ലോട്ടറിവിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.