പുരാതന ക്ഷേത്രത്തിനോട് ചേർന്ന്
മണ്ണെടുപ്പും പാറപൊട്ടിക്കലും
കുറുപ്പംപടി : പുരാതനവും പ്രശസ്തവുമായ കല്ലിൽ ഗുഹാക്ഷേത്രത്തിന് ഭീഷണിയായി പ്ളൈവുഡ് കമ്പനി. ക്ഷേത്രത്തിന് 250 മീറ്റർ അകലെ പ്ലൈവുഡ് ഫാക്ടറി നിർമ്മിക്കുന്നതിന് വേണ്ടി അനധികൃത മണ്ണെടുപ്പും പാറപൊട്ടിക്കലും നടക്കുകയാണ്. വലിയ തോതിലെ മണ്ണെടുപ്പും സ്വതവേ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്ളൈവുഡ് ഫാക്ടറിയുടെ സാമീപ്യവും പൗരാണികമായ ഗുഹാക്ഷേത്രത്തിനും ഹരിതവലയത്തിനും ഭീഷണിയായി.
ആയിരം അടിയോളം താഴെ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ജനജീവിതത്തിന് വെല്ലുവിളിയാണ് ഈ നിർമ്മാണം. ഉരുൾപൊട്ടൽ സാധ്യതയുമുണ്ട്. അനേകം ജീവജാലങ്ങളാൽ സമ്പന്നമാണ് ക്ഷേത്രത്തോടു ചുറ്റപ്പെട്ടു കിടക്കുന്ന ചെറിയ സ്വാഭാവിക വനം ഉൾപ്പെടുന്ന പാരിസ്ഥിതിക ദുർബല പ്രദേശം.
2500 വർഷത്തോളം പഴക്കമുള്ള ഗുഹാക്ഷേത്രം പുരാവസ്തു സംരക്ഷിത മേഖലയാണ്. പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ശ്രീകോവിലിന്റെ മുകളിൽ മേൽക്കൂരയായി നിൽക്കുന്ന ഭീമാകാരമായ 25 അടി ഉയരമുള്ള ഒറ്റ ശിലയാണ് കല്ലിൽ ക്ഷേത്രത്തിന്റെ സവിശേഷതും ആകർഷണവും.
30 ഏക്കർ വനത്തിനു നടുവിലെ ഗുഹാക്ഷേത്രം കേരള സർക്കാരിന്റെ ടൂറിസം സർക്യൂട്ടിലും ഉൾപ്പെടുന്നു. വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് പേർ ക്ഷേത്രം സന്ദർശിക്കാനെത്തുന്നുണ്ട്.
കല്ലിൽ ഗുഹാക്ഷേത്രം
കുന്നത്തുനാട് താലൂക്കിൽ അശമന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മേതല - 606 മലയിലാണ് കല്ലിൽ ഗുഹാക്ഷേത്രം. കേരളത്തിൽ ജൈന മതം നില നിന്നിരുന്നു എന്നതിന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് കല്ലിൽ ഗുഹാക്ഷേത്രമാണ്. ജെെന മതത്തിലെ തീർത്ഥാങ്കരനായിരുന്ന വർദ്ധമാന മഹാവീരന്റെയും പാർശ്വനാഥൻെറയും പത്മാവതി ദേവിയുടെയും ശില്പങ്ങളും പ്രതിഷ്ഠകളും ഇതിന് ബലം നൽകുന്നു.
കൈയേറ്റം അനുവദിക്കില്ല
2500 വർഷം പഴക്കമുള്ള അതിപുരാതനമായ കല്ലിൽ ക്ഷേത്രത്തിന്റെ പൈതൃകത്തെ നശിപ്പിക്കുന്ന പ്ലൈവുഡ് കമ്പനികളുടെ കടന്നുകയറ്റം ഒരു തരത്തിലും അനുവദിക്കില്ല. ആർ.ഡി. ഒക്കും വില്ലേജ് ഓഫീസർക്കും പരാതികൾ നൽകിയിട്ടുണ്ട്.
• അപ്പുമാരാർ, ക്ഷേത്രം മാനേജർ
അനുമതി കെട്ടിടം നിർമ്മിക്കാൻ
പഞ്ചായത്തിൽ നിന്നും വാണിജ്യാവശ്യത്തിന് കെട്ടിടം നിർമ്മിക്കാൻ മാത്രമാണ് അനുമതി.
• സെക്രട്ടറി, രായമംഗലം ഗ്രാമ പഞ്ചായത്ത്
പരസ്ഥിതിലോല പ്രദേശം, അനുമതിയില്ല
കല്ലിൽ ക്ഷേത്രവും മലനിരകളും പരിസ്ഥിതി ലോലപ്രദേശമാണ്. പ്ലൈവുഡ് കമ്പനിക്കെതിരെനിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.
ഇവ ജിയോളജിക്കൽ വകുപ്പിന് കൈമാറി. ഒരുവിധ അനുമതിയും കമ്പനിക്ക് നൽകിയിട്ടില്ല.
• സെക്രട്ടറി, അശമന്നൂർ ഗ്രാമപഞ്ചായത്ത്
സ്കൂളിനും കുട്ടികൾക്കും ഭീഷണി
അറുന്നൂറോളം കുട്ടികളുടെ ജീവനും സ്കൂളിനും ഭീഷണിയാണ് പ്ളൈവുഡ് കമ്പനി. മണ്ണിടിച്ചിൽസാധ്യതയുള്ള പ്രദേശമാണിത്.
• സതീഷ്, കല്ലിൽ സ്കൂൾ ഹെഡ്മാസ്റ്റർ
നിലനിർത്താൻ സമൂഹത്തിന് ബാദ്ധ്യത
പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടുള്ള ഈ പ്രദേശം തനിമയോടെ നിലനിൽക്കേണ്ടത് നാടിന് അത്യാവശ്യമാണ്. വർഷങ്ങൾ പഴക്കമുള്ള കല്ലിൽ സ്കൂളിനും ഈ കമ്പനി ഭീഷണിയാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവൻ നാട്ടുകാരും നഖശിഖാന്തം എതിർക്കും.
• ജിജു ജോസഫ്
വൈസ് പ്രസിഡൻറ്, കല്ലിൽ സംഗമം ജനകീയകൂട്ടായ്മ
നാടിന് ആപത്ത്
ഇത്തരം കമ്പനികൾ ക്ഷേത്രത്തിനും നാടിനും ആപത്താണ്. കുടിവെള്ള സ്രോതസുകൾ മലിനമാകും ശിലാലിഖിതങ്ങൾ കൊത്തിവച്ച പാറക്കെട്ടുകൾ നശിപ്പിക്കപ്പെടും. കമ്പനിയെ പ്രവർത്തിക്കാൻ അനുവദിക്കില്ല.
• ഷാജി, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അംഗം
ഉരുൾപൊട്ടലിന് കാരണമാകും
കല്ലിൽ സ്കൂളിൻറെ മുകളിലെ മലനിരയിൽ ആണ് ഈ കമ്പനി. മണ്ണെടുക്കുന്നത് അപായമുണ്ടാക്കും. 2018ൽ ഈ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായി രണ്ടു വീടുകൾ പൂർണമായും നശിച്ചതാണ്.
റെജി, സമരസമിതി പ്രസിഡന്റ്
ചെറിയ പ്രകമ്പനം
പോലും ഭീഷണിയാണ്
ഒരു ചെറിയ പ്രകമ്പനം പോലും ഭീമാകാരമായ പാറയ്ക്ക് ഭീഷണിയാണ്. പ്ളൈവുഡ് കമ്പനി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
ഗോപി, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്
ക്ഷേത്രം സംരക്ഷിക്കണം
കല്ലിൽ ക്ഷേത്രം സംരക്ഷിക്കണംഅതിപുരാതനമായ കല്ലിൽ ഗുഹാ ക്ഷേത്രവും പ്രകൃതിരമണീയമായ മുപ്പത് ഏക്കറോളം വരുന്ന വനപ്രദേശവും സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
ശിവൻ, പ്രസിഡന്റ്, എസ്.എൻ.ഡി.പി
ശാഖ മേതല