കിഴക്കമ്പലം: തീയറ്റർ, ആശുപത്രി, ഹോട്ടലുകൾ, വ്യായാമ കേന്ദം, ... പ്രായമാകുമ്പോൾ ജീവിതം ആസ്വദിക്കാമെന്നോർത്ത് പണം മുടക്കിയവർക്ക് നഷ്ടക്കച്ചവടം. വയസാകുമ്പോൾ സ്വസ്ഥമായുറങ്ങാൻ ഫ്ളാറ്റിനായി ലക്ഷങ്ങൾ മുടക്കിയവർക്ക് മൂക്കിൽ പല്ലു കിളിർത്തു തുടങ്ങി. നിർമ്മാണം പാതി വഴിയിൽ തന്നെ. പള്ളിക്കരക്കടുത്ത് മോറക്കാലയിലാണ് വൃദ്ധർക്ക് നേരെ കൊടും ചതി നടന്നത്. മാതാപിതാക്കളെ വീട്ടിൽ ഒറ്റക്കാക്കി വിദേശത്തു പോയവരടക്കം നിരവധി പേരാണ് സ്വകാര്യ കമ്പനിയുടെ വാചകത്തിൽ വീണത്. പണം മുടക്കിയ പലരുടേയും മാതാപിതാക്കൾ മണ്ണോടടിഞ്ഞു. വിദേശമലയാളികളാണ് കബളിപ്പിക്കപ്പെട്ടവരിലധികവും. തീയറ്റർ, ആശുപത്രി, ഹോട്ടലുകൾ, വ്യായാമ കേന്ദം, എ.സി, നോൺ എ.സി റൂമുകളടക്കം വലിയ സൗകര്യങ്ങളായിരുന്നു വാഗ്ദാനം ചെയ്തത്. 2012 ജൂലായ് മാസത്തിൽ നിർമ്മാണം പൂർത്തീകരിച്ച് നൽകാമെന്നേറ്റാണ് സ്വകാര്യ കമ്പനി മുഴുവൻ പണവും കൈക്കലാക്കിയത്. ഭവനം പണിതുപൂർത്തിയാക്കി നൽകുന്നില്ലെന്ന് മാത്രമല്ല, കമ്പനി പ്രതിനിധികളുടെ പൊടി പോലും കാണാനില്ലെന്നാണ് പരാതി.
പണം മുടക്കിയിട്ട് ഒരു പതിറ്റാണ്ട്
2010 ഡിസംബറിലാണ് കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറെ മോറക്കാലയിൽ മുതിർ പൗരന്മാർക്കായി ആധുനിക സൗകര്യങ്ങളുള്ള ഭവനപദ്ധതി സമുച്ചയവുമായി സ്വകാര്യ ഫ്ലാറ്റു നിർമ്മാതാക്കൾ പരസ്യം നൽകി ആളുകളിൽ നിന്നും മുൻകൂറായി മുഴുവൻ പണവും വാങ്ങിച്ചെടുത്തത്. എന്നാൽ വർഷം പത്തുകഴിഞ്ഞിട്ടും സമുച്ചയത്തിന്റെ നിർമ്മാണം പാതി വഴിയിലാണ്. ഭവനസമുച്ചയം ഉടൻ പൂർത്തീകരിക്കുമെന്ന മറുപടി മാത്രമാണുള്ളത്. പണി നടക്കുന്നില്ല. അതിനിടെ നിർമ്മാണം പൂർത്തിയാകാത്ത പദ്ധതി സമുച്ചയത്തിന് പഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ചതായി സാക്ഷ്യപ്പെടുത്തിയ മുഴുവൻ സർട്ടിഫിക്കറ്റുകളും നൽകിയതായും പണം മുടക്കിയവർക്ക് ആക്ഷേപമുണ്ട്.
കോടതിയെ സമീപിക്കാനൊരുങ്ങുന്നു
പത്ത് വർഷമായിട്ടും മുതിർന്നവർക്കുള്ള ഭവനപദ്ധതി പൂർത്തീയാകാത്ത കമ്പനിക്കെതിരെ കോടതിയ സമീപിക്കാനൊരുങ്ങുകയാണ് പണം മുടക്കിയവർ. അതിനിടെ വരുന്ന വർഷം പണി പൂർത്തിയാക്കുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. പണിക്കാരുടെ കുറവാണത്രെ ഇപ്പോൾ നിർമ്മാണം നിന്നുപോയതെന്നും അവർ പറയുന്നു.