rank

കിഴക്കമ്പലം: ടാങ്ക് ബോംബിന്റെ ഭീതിയിൽ കഴിയുന്ന കുന്നത്തുനാട്ടിലെ പൊലീസുകാർ നാളുകളായി ഭീതിയുടെ മുൾമുനയിലാണ്. കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായി, കോൺക്രീ​റ്റുകൾ അടർന്ന്, കമ്പികൾ തുരുമ്പിച്ച് ഏതു നിമിഷവും നിലം പൊത്താറായ വാട്ടർ ടാങ്കാണ് പൊലീസുകാരെ പേടിപ്പെടുത്തുന്നത്. സ്​റ്റേഷൻ വളപ്പിൽ പ്രധാന ഓഫീസുകളോട് ചേർന്നാണ് ടാങ്കിന്റെ നിൽപ്പ്. എസ്.എച്ച്.ഒ അടക്കം 45 പേരാണ് ഇവിടെയുള്ളത്. ഓരോ ദിവസവും ജോലിക്കെത്തി തിരിച്ചു പോകുന്നത് ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ്.

പണിതിട്ട് 38 വർഷം!

1982 ൽ പൊലീസ് സ്റ്റേഷൻ നിർമ്മിച്ച കാലത്തുണ്ടാക്കിയതാണ് വാട്ടർ ടാങ്ക്. ജീവനു ഭീഷണിയാണെന്ന് ഉയർന്ന ഉദ്യോഗസ്ഥരെയും പൊതുമരാമത്ത് വകുപ്പിനെയും നിരവധി തവണ അറിയിച്ചെങ്കിലും പൊളിച്ചു മാ​റ്റുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വിവരമറിയാവുന്ന ജനപ്രതിനിധികളും തിരിഞ്ഞു നോക്കുന്നില്ല.സ്റ്റേഷൻ നിർമ്മിച്ച കാലത്ത് പൊലീസ് സ്​റ്റേഷൻ വളപ്പിൽ പൊലീസ് ക്വാർട്ടേഴ്‌സുമുണ്ടായിരുന്നു. 13 വർഷം മുമ്പ് കാലപ്പഴക്കം കൊണ്ട് കോൺക്രീറ്റുകൾ അടർന്ന്‌ ചോർച്ചയുമായതോടെ ക്വാർട്ടേഴ്‌സുകൾ പൊളിഞ്ഞു വീഴുമെന്നായപ്പോൾ പൊതു മരാമത്ത് വകുപ്പ് പൊളിച്ചു മാ​റ്റി. അന്ന് ടാങ്കിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പൊളിക്കാൻ നടപടിയുണ്ടായില്ല. അതിനു ശേഷം ഒരു പതി​റ്റാണ്ട് കൂടി ഉപയോഗശൂന്യമായി ടാങ്കിന്റെ നിൽപ്പ് തുടർന്നു. കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നു. പ്ലാസ്​റ്റിക് ടാങ്ക് വാങ്ങി വെച്ചതിനാൽ സ്​റ്റേഷനിൽ കുടിവെള്ളം മുടങ്ങുന്നില്ല. ഇപ്പോൾ ഓരോ ദിവസവും ടാങ്കിന്റെ അടിഭാഗത്തു നിന്നും കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്.സ്​റ്റേഷനു സമീപം മൾട്ടിപ്ലക്സ് തിയേ​റ്ററുണ്ട്. തിയേ​റ്ററിലേയ്‌ക്കെത്തുന്ന വഴിയുടെ സമീപമാണ് ടാങ്ക് . ഇതും പൊലീസുകാരെ ഭയപ്പെടുത്തുന്നുണ്ട്. നിലവിൽ സിനിമയില്ലാത്തതാണ് ആകെ ആശ്വാസം. ദുരന്തത്തിനു വഴി വയ്ക്കാതെ വാട്ടർ ടാങ്ക് പൊളിച്ചു മാ​റ്റണമെന്നാണ് ആവശ്യം.