കോലഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് വിടപറയിലിന്റെ ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ അഞ്ചുവർഷം കലഹിച്ചും, വാദപ്രതിവാദങ്ങൾ നടത്തിയും രാഷ്ട്രീയത്തിന് അതീതമായി കൂട്ടുകൂടിയും നടന്ന കാലഘട്ടം. ജനക്ഷേമ പ്രവർത്തനങ്ങളിലും, പൊതു ആവശ്യങ്ങളിലും രാഷ്ട്രീയം മറന്നുകൂടെ നിന്ന സൗഹൃദവും ഇനി ഓർമകളായി കൂടെകൊണ്ടുപോകും. ഇവരിൽ പലരും വീണ്ടും മത്സരാർത്ഥികളാകാൻ ഒരുങ്ങുന്നുണ്ട്. അഞ്ചുവർഷക്കാലത്തിനിടെ പ്രളയവും, കൊവിഡും പോലെ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികളെ എതിരിടാൻ നാടിന്റെ കൈപിടിച്ച് ഇവർ ഒപ്പമുണ്ടായിരുന്നു.
രാഷ്ട്രീയത്തിന് അതീതമായ ഭരണരംഗത്തെ സൗഹൃദങ്ങൾ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. പഞ്ചായത്തിന്റെ വികസന കാര്യങ്ങളിൽ എല്ലാവരും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിച്ചു.
പി.കെ വേലായുധൻ, പ്രസിഡന്റ് , പുത്തൻകുരിശ് പഞ്ചായത്ത്
എപ്പോഴും ഏത് കാര്യത്തിനും പൊതു നന്മയും പൊതു താത്പര്യവും മാത്രമേ നോക്കിയിട്ടുള്ളു.അതിനാൽ തന്നെ അംഗങ്ങളെ എല്ലാവരേയും ഒരുപോലെയാണ് കണ്ടത്.അജണ്ടകളിലുള്ള അഭിപ്രായ വ്യത്യാസങ്ങുളണ്ടുയിട്ടില്ല. അകത്തും പുറത്തും എല്ലാവരോടും സൗഹൃദം സൂക്ഷിക്കാനാണ് ശ്രമിച്ചത്.
അമ്മുക്കുട്ടി സുദർശനൻ, പ്രസിഡന്റ് , മഴുവന്നൂർ പഞ്ചായത്ത്
വികസനരംഗത്ത് ഭരണ പ്രതിപക്ഷമില്ലാതെ കൂട്ടായ പ്രവർത്തനം നടത്തിയതിൽ ആത്മാഭിമാനമുണ്ട്. പ്രളയം, കൊവിഡ് കാലഘട്ടങ്ങളിൽ തോളോടുതോൾ ചേർന്ന് നിന്ന് പ്രവർത്തിക്കാനായി.
ബിനീഷ് പുല്ല്യാട്ടേൽ, വൈസ് പ്രസിഡന്റ്, വടവുകോട് ബ്ളോക്ക് പഞ്ചായത്ത്
എല്ലാവരുമായും രാഷ്ട്രീയത്തിന് അതീതമായ സൗഹൃദമുണ്ട്. ഭരണസമിതിയിലെ മൂന്നാമത് പ്രസിഡന്റായിരുന്നെങ്കിലും മൂവരും ഒരേ മനസ്സോടെ പ്രവർത്തിച്ചതിനാൽ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂടി. കെ.പ്രഭാകരൻ, പ്രസിഡന്റ്, കുന്നത്തുനാട് പഞ്ചായത്ത്
അഞ്ച് വർഷം വളരെ നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. സഹപ്രവർത്തകരുമായി രാഷ്ട്രീയ വ്യത്യാസമില്ലാത്ത സൗഹൃദം ഉണ്ടാക്കിയിട്ടുണ്ട്. അത് ഇനിയും തുടരും. വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനാണ് ശ്രമിച്ചത്. പൊതു പ്രവർത്തനത്തിന് സൗഹൃദം ഒരു മുതൽക്കൂട്ടാണ്.
റെജി ഇല്ലിക്കപ്പറമ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, തിരുവാണിയൂർ പഞ്ചായത്ത്.
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒത്തൊരുമയോടെയാണ് കഴിഞ്ഞ അഞ്ചുകൊല്ലം പ്രവർത്തിച്ചത് എല്ലാവിഭാഗം ജനങ്ങളും പാർട്ടിക്ക് അതീതമായി സ്നേഹവും, സഹകരണവും, ബഹുമാനവും നൽകി.