it

കൊച്ചി: സംസ്ഥാനത്തു നിന്നുള്ള ഓഫീസ്‌കിറ്റ് എച്ച്.ആർ എന്ന ഐ.ടി. സ്റ്റാർട്ടപ്പിന് അമേരിക്കയിൽ നിന്ന് ഒരു ദശലക്ഷം ഡോളർ നിക്ഷേപം ലഭിച്ചു.കേരള സ്റ്റാർട്ടപ്പ് മിഷൻ മാസം തോറും നടത്തുന്ന നിക്ഷേപ സഹായ പരിപാടിയായ ഇൻവസ്റ്റർ കഫെ വഴിയാണ് സീഡിംഗ് സഹായം ലഭിച്ചത്. സ്റ്റാർട്ടപ്പ് ഉപദേശകനും സ്റ്റാർട്ടപ്പ് സ്‌കെയിൽ 360 സി.ഇ.ഒയുമായ ശ്വേതൾ കുമാറാണ് ചർച്ചകൾക്ക് നേതൃത്വം വഹിച്ചത്.

കാലിഫോർണിയ ആസ്ഥാനമായ എക്‌സ്‌പെർട്ട് ഡോജോ വെഞ്ച്വർ ഫണ്ടിൽ നിന്നാണ് ഓഫീസ്‌കിറ്റിന് സഹായം ലഭിച്ചത്. മനുഷ്യവിഭവശേഷി കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്.

ഹാരിസ് പി.ടി., മുഹമ്മദ് ഫൈസാൻ ലങ്ക എന്നിവർ ചേർന്ന് 2016 ലാണ് ഓഫീസ്‌കിറ്റിന് രൂപം നൽകിയത്. രണ്ട് ദശാബ്ദക്കാലം വിവിധ ഐ.ടി കമ്പനികളിൽ ജോലി ചെയ്ത അനുഭവസമ്പത്തുമായാണ് കമ്പനി ആരംഭിച്ചത്.

ഗൾഫ്, ഏഷ്യാപസഫിക് മേഖല എന്നിവടങ്ങളിൽ ചുവടുറപ്പിക്കാനുള്ള സാദ്ധ്യതകൾ സാമ്പത്തിക സഹായത്തിലൂടെ ലഭിക്കുമെന്ന് മുഹമ്മദ് ഫൈസാൻ ലങ്ക പറഞ്ഞു. മനുഷ്യവിഭവശേഷി കൈകാര്യം ചെയ്യുന്നതിൽ നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനുള്ള ഗവേഷണ സംഘങ്ങളെയും രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സഹായം തേടുന്ന സ്റ്റാർട്ടപ്പുകൾക്ക് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ, എയ്ഞ്ചൽ നിക്ഷേപകർ എന്നിവരുമായി ബന്ധപ്പെടാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്ന വേദിയാണ് ഇൻവസ്റ്റർ കഫെ.