ആലുവ: ഫയർ ആൻഡ് റെസ്ക്യു ജീവനക്കാർക്ക് കേരളകൗമുദി നൽകുന്ന ആദരവ് ഡിപ്പാർട്ടുമെന്റിന് ലഭിക്കുന്ന അംഗീകാരമാണെന്ന് ജില്ലാ ഫയർ ഓഫീസർ (ഡി.എഫ്.ഒ) എ.എസ്. ജോജി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ നേടിയ ആലുവ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ കെ.വി. അശോകന് കേരളകൗമുദിയുടെ ഉപഹാരം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയർ ആൻഡ് റെസ്ക്യുവിന്റെ സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാദ്ധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. 2018ലെയും 19ലെയും പ്രളയകാലത്ത് ഫയർഫോഴ്സിന്റെ സേവനങ്ങൾ ജനങ്ങൾ ബോദ്ധ്യമായി. ജീവൻ പണയംവച്ച് ദുരന്തമുഖത്ത് നിന്ന് ആയിരങ്ങളെ രക്ഷപെടുത്തി. കവളപ്പാറ ദുരന്തമുഖത്തെത്തിയ സേനാംഗങ്ങൾ പ്രത്യേക ജാക്കറ്റ് ധരിച്ചതിനാലാണ് സേവനം ജനം തിരിച്ചറിഞ്ഞത്. ഫയർഫോഴ്സിന്റെ സേവനങ്ങളുടെ അംഗീകാരം പലപ്പോഴും മറ്റ് ഡിപ്പാർട്ടുമെന്റുകൾക്കാണ് ലഭിക്കുന്നത്. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. മെഡൽ ജേതാവിനെ പൊന്നാടഅണിയിച്ചു. കേരളകൗമുദി ഡി.ജി.എം റോയി ജോൺ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പി.പി. പോൾസൺ എന്നിവർ സംസാരിച്ചു. കെ.വി. അശോകൻ മറുപടി പ്രസംഗം നടത്തി. കേരളകൗമുദി ലേഖകൻ കെ.സി. സ്മിജൻ സ്വാഗതവും ആലുവ ഫയർ ആൻഡ് റെസ്‌ക്യൂ റിക്രിയേഷൻ ക്ലബ് സെക്രട്ടറി എം.പി. നിസാം നന്ദിയും പറഞ്ഞു.