മൂവാറ്റുപുഴ: നഗരസഭ തിരഞ്ഞെടുപ്പിൽ 'വെള്ളപ്പൊക്ക രഹിത മൂവാറ്റുപുഴ' എന്ന സംഘടനയ്ക്കും സ്ഥാനാർത്ഥി. രൂക്ഷമായി പ്രളയ ഭീഷണി നേരിടുന്ന നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡിലാണ് വെള്ളപ്പൊക്കരഹിത സംഘടനയുടെ സ്ഥാനാർത്ഥി മത്സരിക്കുന്നത്. വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച അഡ്വ. ടോം ജോസാണ് സ്ഥാനാർത്ഥി. നഗരത്തിന്റെ വികസന മുരടിപ്പിനുള്ള പ്രധാന കാരണം വെള്ളപ്പൊക്കമാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. മൂവാറ്റുപുഴ മാർക്കറ്റിലെ വ്യാപാരികൾക്കും മൂവാറ്റുപുഴ ആറിന്റെ തീരത്ത് താമസിക്കുന്നവർക്കും കാലവർഷം പേടിക്കാലമാണ്. റെഡ് അലർട്ട് ദിനങ്ങളിൽ മൂലമറ്റം പവർഹൗസിൽ നിന്നും മലങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് കുറയ്ക്കാൻ വൈദ്യുതി ഉൽപാദനം പരമാവധി കുറയ്ക്കുക, മൺസൂൺ കാലത്ത് 36.9 മീറ്ററായി മലങ്കര ഡാമിലെ ജലനിരപ്പ് പുനക്രമീകരിച്ചു നിജപ്പെടുത്തുക, മുനിസിപ്പൽ ഓഫീസിൽ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുക എന്നീ കാര്യങ്ങൾ നടപ്പാക്കുന്നതിന് തന്റെ മത്സരം ഉപകരിക്കുമെന്നാണ് ടോം ജോസ് കരുതുന്നത്.