അന്വേഷണം രണ്ട് പേഴ്സണൽ സ്റ്റാഫിലേക്ക് കൂടി
കൊച്ചി, തിരുവനന്തപുരം : എം. ശിവശങ്കറിനുമാത്രമല്ല മുഖ്യമന്ത്രിയുടെ ഒാഫീസിലെ അദ്ദേഹത്തിന്റെ ടീമിനും നയതന്ത്ര ബാഗിന്റെ മറവിലെ സ്വർണക്കടത്ത് അറിയാമായിരുന്നെന്ന് സ്വപ്ന സമ്മതിച്ചതായി കോടതിയിൽ പറഞ്ഞതിനു പിന്നാലെ, സർക്കാർ പദ്ധതികളിലെ ക്രമക്കേടിന് മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെക്കൂടി ചോദ്യംചെയ്യാനും ഇ.ഡി നീക്കമാരംഭിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് സി.പി.എമ്മും ഇടതു മുന്നണിയും കടന്ന വേളയിൽ കുരുക്ക് കൂടുതൽ മുറുക്കി കേന്ദ്ര അന്വേഷണ ഏജൻസി നടത്തുന്ന നീക്കം സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതായി. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് അന്വേഷണ ഏജൻസികൾക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാനിരിക്കെ പ്രത്യേകിച്ചും.
ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം. രവീന്ദ്രന് ഇ.ഡി നേരത്തേ നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് കാരണമാണ് ഹാജരാകാത്തത്. ആശുപത്രി വിട്ടാലുടൻ രവീന്ദ്രനെ വിളിപ്പിക്കും. മറ്റു രണ്ടുപേർ ഇതിനു പുറമേയാണ്.
ലൈഫിലെയും ഐ.ടി, അനുബന്ധ പദ്ധതികളിലെയും ഇടപാടുകളാണ് രവീന്ദ്രനിൽ നിന്ന് അറിയേണ്ടത്. പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് സ്വർണക്കടത്തുൾപ്പെടെ അറിയാമായിരുന്നോയെന്നാണ് അന്വേഷിക്കുക.
സ്വപ്നയുടെ ഉന്നത ബന്ധങ്ങൾ കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ സി.സി.ടിവി ദൃശ്യങ്ങൾ ഇ.ഡിയും പരിശോധിച്ചേക്കും. രണ്ട് കമ്പനികൾക്ക് മാത്രമായി ലൈഫ് മിഷന്റെ 26 കരാറുകൾ ലഭിച്ചതിലും അന്വേഷണമുണ്ട്. ലൈഫ് ഫയലുകളിൽ കൃത്രിമം നടന്നോയെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും.
ലൈഫിൽ ശിവശങ്കറിന് ഒരു കോടി കൈക്കൂലി
തന്റെ ബാങ്ക് ലോക്കറിൽ നിന്ന് എൻ.ഐ.എ പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിനുള്ള കൈക്കൂലിയാണെന്ന് സ്വപ്ന വെളിപ്പെടുത്തിയതായി ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥൻ പി. രാധാകൃഷ്‌ണൻ ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വ്യക്തമാക്കി. നവംബർ പത്തിന് തിരുവനന്തപുരത്തെ ജയിലിൽ ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തും ഒരു ദിവസംകൂടി കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടുമുള്ളതാണ് വിശദീകരണം.
സ്വപ്നയുടെ ചോദ്യംചെയ്യൽ തുടരുന്ന സാഹചര്യത്തിൽ ഇന്നലെക്കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വിടുന്നത് കോടതി അനുവദിച്ചു. ഇന്നു രാവിലെ വീണ്ടും ഹാജരാക്കും.
ലൈഫ് കരാറിൽ സ്വപ്നയ്ക്കും യു.എ.ഇ കോൺസുലേറ്റിലെ ധനകാര്യവിഭാഗം മേധാവിയായിരുന്ന ഖാലിദ് ഉൾപ്പെടെ കൂട്ടാളികൾക്കും യുണിടാക് കൈക്കൂലി നൽകിയ വിവരം ശിവശങ്കറിന് അറിയാമായിരുന്നു. ഖാലിദ് സ്വപ്നയ്ക്ക് നൽകിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കൈക്കൂലിയാണ്. ഇതിൽ 64 ലക്ഷം രൂപ എൻ.ഐ.എ പിടിച്ചെടുത്തത് ശിവശങ്കറിന്റെ നിർദേശപ്രകാരമെടുത്ത ലോക്കറിൽ നിന്നാണ്.