കൊച്ചി : സ്വപ്നയ്ക്കും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനും അയച്ച വാട്ട്സ്ആപ്പ് ചാറ്റുകളുടെ കൂടുതൽ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്വർണക്കടത്തു കേസിൽ എം. ശിവശങ്കറിനു വ്യക്തമായ പങ്കുണ്ടെന്ന വാദം ഇ.ഡി ഉന്നയിക്കുന്നത്. കഴിഞ്ഞവർഷം നവംബർ 11ന് സ്വപ്നയ്ക്ക് അയച്ച സന്ദേശത്തിൽ ലോക്കർ അറേഞ്ച് ചെയ്തോ എന്നു ശിവശങ്കർ ചോദിക്കുന്നുണ്ട്. ഇതുവരെ ഇല്ലെന്നായിരുന്നു മറുപടി. സ്വപ്ന ബാങ്ക് ലോക്കർ എടുത്തോയെന്ന് തുടർച്ചയായി ശിവശങ്കർ അന്വേഷിച്ചിരുന്നു. ഉയർന്നശമ്പളമുള്ള ജോലിയോ വൻതോതിൽ ആഭരണമോ കൈവശമില്ലാത്ത സ്വപ്നയ്ക്കുവേണ്ടി ശിവശങ്കർ എന്തിനാണ് ലോക്കർ അന്വേഷിച്ചത് ? കോൺസുലേറ്റ് കരാറുകളിലൂടെയും സ്വർണക്കടത്തിലൂടെയും സ്വപ്ന കള്ളപ്പണം സമ്പാദിക്കുന്നുണ്ടെന്ന് ശിവശങ്കറിന് അറിവുള്ളതുകൊണ്ടാണിത്. സ്വർണക്കടത്തിലൂടെയും ലൈഫ് കോഴയിലൂടെയും സ്വപ്ന പണമുണ്ടാക്കിയ കാലത്താണ് ഇൗ സന്ദേശം അയച്ചത്. സ്വപ്നയ്ക്ക് രണ്ടു ബാങ്ക് ലോക്കറുകൾ നിലവിലുണ്ടെന്ന് അറിഞ്ഞിട്ടും വീണ്ടും ലോക്കർ ലഭിച്ചോയെന്ന് അന്വേഷിക്കുന്നത് കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനു വേണ്ടിയാണ്.
കള്ളക്കടത്തിലൂടെ ലഭിച്ച കള്ളപ്പണം വിനിയോഗിക്കാൻ സ്വപ്നയ്ക്കു വേണ്ടി മുന്തിയ ഇനം ഫ്ളാറ്റ് ശിവശങ്കർ തേടിയിരുന്നു. ലോക്കറുകളിൽ സ്വപ്ന പണം നിക്ഷേപിച്ചതും എടുത്തതും ശിവശങ്കറിന്റെ അറിവോടെയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് ശിവശങ്കർ ഒഴിഞ്ഞുമാറുന്നു.
നയതന്ത്ര ബാഗുകൾ പരിശോധന കൂടാതെ വിട്ടുകിട്ടുന്നതിന് ഇടപെടണമെന്ന് ശിവശങ്കറിനോട് സ്വപ്ന ആവശ്യപ്പെട്ടതിന് രണ്ടു ചാറ്റുകൾ തെളിവാണ്. സെപ്തംബർ 15ന് ശിവശങ്കർ നൽകിയ മൊഴിയിൽ ഇതിനായി ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചെന്ന് സമ്മതിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ ഇടപെടലുകൾ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഒാഫീസിൽ ശക്തമായ ബന്ധമുണ്ടെന്ന സന്ദേശമാണ് നൽകിയത്. വിദേശത്തുനിന്ന് വരുന്ന ബാഗ് വിട്ടുകിട്ടാൻ സ്വപ്നയ്ക്ക് സഹായംചെയ്യണമെന്ന് എയർപോർട്ട് കസ്റ്റംസ് അധികൃതരോടു ശിവശങ്കർ സംസാരിച്ചെന്ന് നവംബർ 10ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർചെയ്ത കേസിൽ ജാമ്യംതേടി എം.ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും. ഇ.ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ രാവിലെ 11 മണിയോടെ ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കും. തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
തനിക്കെതിരെ വ്യക്തമായ തെളിവില്ലാതെയാണ് കേസെടുത്തതെന്നും സ്വർണക്കടത്തിലോ കള്ളപ്പണം വെളുപ്പിച്ചതിലോ തന്റെ പങ്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.
ഇന്ന് ഹർജി പരിഗണനയ്ക്കു വരുമ്പോൾ ഇ.ഡിയുടെ അഭിഭാഷകൻ ടി.എ. ഉണ്ണിക്കൃഷ്ണനു പുറമേ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഒാൺലൈനിൽ വാദത്തിനെത്തും. ഒക്ടോബർ 28 ന് രാത്രി പത്തുമണിയോടെയാണ് ശിവശങ്കറിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ 14 ദിവസമായി കസ്റ്റഡിയിൽ ചോദ്യംചെയ്യുകയാണ്.