വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് സീറ്റ് വിഭജനതർക്കം രൂക്ഷമായി തുടരുന്നതിനിടയിൽ തുടർന്നുള്ള ചർച്ച സി.പി.എം.സി.പി.ഐ. ജില്ലാ സെക്രട്ടറിമാർ ഏറ്റെടുത്തു. ഇന്നു രാവിലെ 10ന് ലെനിൻ സെന്ററിൽ വച്ച് ജില്ലാ സെക്രട്ടറിമാരായ സി.എൻ. മോഹനൻ, പി.രാജു, മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ്, ഏരിയ സെക്രട്ടറി ബി.വി. പുഷ്‌കരൻ എന്നിവർ ചർച്ച നടത്തും. പഞ്ചായത്ത് തലത്തിലോ മണ്ഡലം തലത്തിലോ ഉള്ളവർക്ക് പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് ബോദ്ധ്യമായതിനെത്തുടർന്നാണ് ജില്ലാ നേതൃത്വങ്ങൾ പ്രശ്‌നം ഏറ്റെടുത്തത്.
23 അംഗങ്ങളുള്ള എളങ്കുന്നപ്പുഴയിൽ 4 സീറ്റിലാണ് സി.പി.ഐ മത്സരിക്കാറുള്ളത്. എന്നാൽ ഇത്തവണ 10 സീറ്റാണ് അവരുടെ ആവശ്യം. 6ൽ കൂടുതൽ നൽകാൻ സി.പി.എം തയ്യാറില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം സി.പി.എമ്മിലെ പ്രശ്‌നങ്ങളെ തുടർന്ന് പാർട്ടി വിട്ട് സി.പി.ഐയിൽ എത്തിയവർക്കാണ് സി.പി.എമ്മുമായി യോജിച്ചുപോകാൻ താത്പര്യമില്ലാത്തത്. കർത്തേടം, പെരുമ്പിള്ളി സഹകരണ ബാങ്കുകളിലെ തിരഞ്ഞെടുപ്പുകളിൽ ഇവരുടെ താത്പര്യപ്രകാരമാണ് സി.പി.ഐ ഇടതുമുന്നണി വിട്ട് കോൺഗ്രസുമായി യോജിച്ച് ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചതും ഈ സഖ്യം അവിടങ്ങളിൽ വിജയിച്ചതും. ഈ രീതിയിലുള്ള സഖ്യമാണത്രേ ഇവരുടെ ലക്ഷ്യം. എന്നാൽ സി.പി.ഐ ജില്ലാ നേതൃത്വം ആ വഴി പ്രോത്സാഹിപ്പിക്കുന്നില്ല.