board

കോലഞ്ചേരി: കൊവിഡിന് നല്ല നമസ്കാരം, പ്രിന്റിംഗ് യൂണിറ്റുകൾ ഹാപ്പിയാണ്. തിരഞ്ഞെടുപ്പ് തുണച്ചതോടെ നാട്ടിലെ ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനങ്ങൾക്ക് ചാകര തുടങ്ങി. സ്ഥാനാർത്ഥിത്വം ഉറപ്പായവർ ബോർഡടിച്ചു തുടങ്ങിയതോടെ ഇവർക്ക് നിന്നു തിരിയാൻ നേരമില്ലാതായി. പ്രകൃതി സൗഹൃദ പ്രചരണത്തിനാണ് ഇത്തവണ ഊന്നൽ. മുൻ വർഷത്തെക്കാൾ തിരക്കുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ചിലവ് ഭീതിയിൽ വയ്ക്കുന്ന ബോർഡുകളുടെ എണ്ണത്തിൽ കുറയ്ക്കുന്നവരുണ്ടെന്ന് പട്ടിമറ്റത്തെ മാജിക്ക് പ്രിന്റിലെ എൽദോ മത്തായി പറഞ്ഞു. തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്ലാസ്​റ്റിക്, ഫ്‌ളെക്‌സ് എന്നിവ ഉപയോഗിക്കുന്നതിനു നിരോധനമുണ്ട്. സ്ഥാനാർത്ഥിയുടെ ഫോട്ടോയോ ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി, മാസ്‌ക് പോലുള്ളവ ഉപയോഗിക്കാം. ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തണം.

വോട്ടർമാരെ സ്വാധീനിക്കാനായി സാരി, ഷർട്ട്, മുണ്ട്, തുണി മുതലായുള്ള വസ്ത്രങ്ങൾ വിതരണം ചെയ്യുന്നത് കു​റ്റകരമാണ്.

പ്രകൃതി സൗഹൃദ ബോർഡുകൾ

തുണി ബോർഡുകൾക്കാണ് ഇപ്പോൾ പ്രിയം. വില ഫ്ളെക്സിനേക്കാൾ ഇരട്ടിയാകുമെങ്കിലും തീർത്തും പരിസ്ഥിക്കിണങ്ങും. ഇക്കുറി അച്ചടി ആവശ്യങ്ങൾക്ക് ശിവകാശിയിലേക്ക് പോകാൻ മിക്കവർക്കും താൽപര്യമില്ല. ഒരാഴ്ചത്തെ ക്വാറന്റൈയിനാണ് പ്രശ്നം. ബോർഡെങ്ങും വരാൻ വൈകിയാലും പണി പാളും.