മൂവാറ്റുപുഴ: എട്ട് ഗ്രാമപഞ്ചായത്തുകൾ ഉൾപെടുന്ന മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പിടിക്കുവാൻ ഇരുമുന്നണികളും കച്ചമുറുക്കിരംഗത്തെത്തി. മാറി മാറി മുന്നണികൾ അധികാരത്തിൽ വരുന്ന മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം കൂടി എൽ.ഡി എഫിൽ എത്തിയതോടെ എൽ.ഡി.എഫ് കേന്ദ്രങ്ങൾ ഉഷാറായി. ജനാധിപത്യ കേരളകോൺഗ്രസും , ജോസഫ് വിഭാഗവും യു.ഡി.എഫിലായതിനാൽ യു.ഡി.എഫ് ക്യാമ്പും സജീവമാണ്.ബ്ലോക്ക് പഞ്ചായത്തുകൾ രൂപീകരിച്ച 1995 നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ രണ്ടു തവണ മാത്രമാണിവിടെ എൽ ഡി.എഫിന് കൊടി പാറിക്കാനായുളളൂ.കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഇടതു മുന്നണിക്കൊപ്പം ഉണ്ടായിരുന്ന സമയത്തായിരുന്നു വിജയം. ഇപ്പോൾ കേരള കോൺഗ്രസ് മാണി വന്നതാണ് എഡി.എഫിന് തുണയാകുന്നത്.
കേരള കോൺഗ്രസുകൾക്ക് ഏറെ വളക്കൂറുള്ള കല്ലൂർക്കാട്, ആരക്കുഴ ,മഞ്ഞളളൂർ, പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്കിൽ ഇരുമുന്നണികളും അവരവരുടെ ഭരണകാലത്ത് പ്രസിഡൻ്റ് സ്ഥാനം വീതം വച്ചായിരുന്ന ഭരണം നടത്തിയിരുന്നത്.എൽ.ഡി.എഫ് കാലത്ത് കേരള കോൺഗ്രസും, സി.പി.എമ്മും ഭരണം പങ്കെടുത്തപ്പോൾ, യു.ഡി.എഫ് കാലത്ത് കേരള കോൺഗ്രസും, കോൺഗ്രസും തമ്മിലായിരുന്നു പ്രസിഡൻറ് സ്ഥാനം പങ്കിട്ടെടുത്തത്. ഇത്തവണ കോൺഗ്രസിലെ മേരി ബേബിയായിരുന്നു ആദ്യ വർഷം പ്രസിഡൻ്റ് തുടർന്ന് കേരള കോൺഗ്രസിലെ ജോസിജോളിയും , ലിസി ജോളിയും പ്രസിഡന്റായി . 13ഡിവിഷനുകളു ളള ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ യു .ഡി.ഫ് 8, എൽ.ഡി.എഫ് 5 എന്നിങ്ങനെയാണ് കക്ഷി നില.കോൺഗ്രസ് 4, കേരള കോൺഗ്രസ് 3, കേരള കോൺഗ്രസ് ജേക്കബ് - 1, സി.പി.എം. 3, സി.പി.ഐ.2, എന്നിങ്ങനെയാണ് പാർടികളുടെ കക്ഷിനില. ,പായിപ്ര, വാളകം, ആയവന, ആവോലി, ആരക്കുഴ ,മാറാടി, മഞ്ഞള്ളൂർ, കല്ലൂർക്കാട്, പഞ്ചായത്തുകളാണ് ബ്ലോക്കിന് കീഴിൽ വരുന്നത്. എട്ട് പഞ്ചായത്തുകളിൽ അഞ്ച് എണ്ണം യു.ഡി.എഫും ,മൂന്ന് എണ്ണ് എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. പായിപ്ര, ആയവന ,മഞ്ഞള്ളൂർ, കല്ലൂർക്കാട് ,ആരക്കുഴ പഞ്ചായത്തുകളാണ് യു.ഡി.എഫ് ഭരണത്തിൻ കീഴിലുള്ളത് . ആവോലി പഞ്ചായത്തിൽ കോൺഗ്രസ് വിമതനായി ജയിച്ചെത്തിയയാൾക്ക് പ്രസിഡൻ്റ് സ്ഥാനം നൽകി ഇടതു മുന്നണിഭരണം പിടിക്കുകയായിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥികൾ മാത്രമാണ് പരാജയപ്പെട്ടത്. പായിപ്ര പഞ്ചായത്തിലെ മുളവൂർ ഡിവിഷനിലും, അടൂ പറമ്പ് ഡിവിഷനിലും മൽസരിച്ച രണ്ടു പേർക്കും വിജയിക്കാനായില്ല.