തദ്ദേശ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയെന്ന കമ്മിഷന്റെ വാദം കണക്കിലെടുത്ത് വിധി
കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും സംവരണ വാർഡുകളാക്കിയതു ചോദ്യം ചെയ്ത് വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളും വോട്ടർമാരും നൽകിയ 87 ഹർജികൾ ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് നടപടി തുടങ്ങിക്കഴിഞ്ഞ ഘട്ടത്തിൽ കോടതി ഇടപെടുന്നത് തിരഞ്ഞെടുപ്പു വൈകാനിടയാക്കുമെന്ന സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം കണക്കിലെടുത്താണ് സിംഗിൾ ബെഞ്ചിന്റെ വിധി.
സംസ്ഥാനത്തെ പത്ത് തദ്ദേശ സ്ഥാപനങ്ങളിൽ തുടർച്ചായി മൂന്നാം തവണയും സംവരണ വാർഡുകളാക്കിയവ ഒഴിവാക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പു നടപടികൾ തുടങ്ങുന്നതിന് മുമ്പാണ് അന്ന് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആനുകൂല്യം തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതി തള്ളിയത്. നടപടിക്രമങ്ങളിലെ അപാകത പരിഹരിക്കുന്നത് തിരഞ്ഞെടുപ്പു കമ്മിഷന് അസാദ്ധ്യമായ കാര്യമായിരുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജികൾ നിലവിലിരിക്കെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ഹർജികളെ എതിർക്കുന്ന കമ്മിഷന്റെ ന്യായം ഇൗ ഘട്ടത്തിൽ പരിഗണിക്കുന്നില്ല. ഹർജിക്കാരുടെ ആവശ്യം അനുവദിച്ചാൽ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കേണ്ടി വരുമെന്നതും നവംബർ 11ന് നിലവിലെ ഭരണസമിതികളുടെ കാലാവധി കഴിയുന്നതും കണക്കിലെടുക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.