ന്യൂഡൽഹി:രാജ്യത്ത് വ്യാവസായിക ഉത്പാദന പ്രക്രിയ പ്രോത്സാഹിപ്പിക്കാനും കയറ്റുമതി വർദ്ധിപ്പിക്കാനുമായി രണ്ട് ലക്ഷം കോടി രൂപയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) സ്കീമിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അഞ്ച് വർഷം കൊണ്ട് പത്ത് മേഖലകൾക്കാണ് ഇത് നൽകുക.
ഇന്ത്യൻ ഉത്പാദന മേഖലയ്ക്ക് ആഗോളതലത്തിൽ മത്സര ക്ഷമത കൈവരിക്കലും നിക്ഷേപം ആകർഷിക്കലും കയറ്റുമതി വർദ്ധിപ്പിക്കലുമാണ് പി.എൽ.ഐ പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
ഇതിൽ 57,042 കോടി രൂപയും ഓട്ടോമൊബൈൽ വ്യവസായത്തിന് വേണ്ടിയാണ് വിനിയോഗിക്കുക.
2024-25 വരെ അടിസ്ഥാന സൗകര്യ വികസന രംഗത്തുള്ള പൊതു-സ്വകാര്യ സംരംഭങ്ങൾക്ക് പിന്തുണ നൽകാനായി ₹8,100 കോടി രൂപയുടെ സഹായ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
മേയ്ക്ക് ഇൻ ഇന്ത്യയുടെയും ആത്മനിർഭർ ഭാരത് പദ്ധതിയുടെയും ഭാഗമായാണ് ഈ തുക വിനിയോഗിക്കുക. പത്ത് മേഖലകളിൽ മികച്ച നേട്ടങ്ങളുണ്ടാക്കുന്ന ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് ഈ തുക വിവിധ ആനുകൂല്യങ്ങളായി കൈമാറും.കമ്പനികളുടെ നിക്ഷേപ മൂല്യവും കണക്കിലെടുക്കും.
ചൈനയെ പോലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റിയെടുക്കാനുള്ള നീക്കവും പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്.
പത്ത് മേഖലകൾ
ഓട്ടോമൊബൈൽ ₹ 57,042
കെമിക്കൽ സെൽ ബാറ്ററി ₹18,100
ഫാർമസ്യൂട്ടിക്കൽ ₹15,000
ടെലികോം ₹12,195
ഭക്ഷ്യഉത്പന്നങ്ങൾ ₹10,900
ടെക്സ്റ്റൈൽ ₹10,683
ഇലക്ട്രോണിക് ₹5,000
ഗൃഹോപകരണങ്ങൾ ₹6,238
പ്രത്യേക സ്റ്റീൽ ഉത്പന്നങ്ങൾ ₹6,232
സോളാർ ഉപകരങ്ങൾ ₹4,800