തൃക്കാക്കര : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി തീർന്നതോടെ ഇന്നു മുതൽ ഭരണ നിർവഹണസമിതി ചുമതലയേൽക്കും. തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണ സമിതി രൂപീകരിക്കുന്നതു വരെയാകും സർക്കാർ നിയമിക്കുന്ന ഭരണ നിർവഹണ സമിതികളുടെ കാലാവധി.
ജില്ലാ പഞ്ചായത്തിൽ കളക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ാല പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ എന്നിവരായിരിക്കും അംഗങ്ങൾ. ബ്ലോക്ക് പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ ഭരണ നിർവഹണം നടത്തും. ഗ്രാമപഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനിയർ, കൃഷി ഓഫീസർ എന്നിവർക്കായിരിക്കും ചുമതല.
മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി, മുനിസിപ്പൽ എൻജിനിയർ, ഐ.സി.ഡി.എസ് ഓഫീസർ ഇൻ ചാർജ് എന്നിവരടങ്ങുന്ന സമിതിക്കായിരിക്കും ഭരണനിർവഹണ ചുമതല. കോർപ്പറേഷനിൽ ജില്ലാ കളക്ടർ, കോർപ്പറേഷൻ സെക്രട്ടറി, കോർപ്പറേഷൻ എൻജിനിയർ എന്നിവരടങ്ങുന്ന സമിതി നേതൃത്വം നൽകും.