കൊച്ചി: മൂവാറ്റുപുഴയിൽ അടിയന്തരാവസ്ഥക്കെതിരെ നടന്ന സമരത്തിൽ ബി.ജെ.പി നേതാവ് പി.എം. വേലായുധൻ അടങ്ങിയ സമരബാച്ചിന്റെ നായകൻ എൻ. വാസുദേവൻനായർ വേലായുധന് എഴുതിയ തുറന്നകത്ത് വൈറലാകുന്നു. 1975 നവംബർ 14ന് സമരം നടത്തി അറസ്റ്റുവരിച്ചശേഷം പൊലീസ് സ്റ്റേഷനിലും തുടർന്ന് മൂവാറ്റുപുഴ സബ് ജയിൽ, വിയ്യൂർ സെൻട്രൽ ജയിൽ എന്നിവിടങ്ങളിലും ക്രൂരമായ മർദനമാണ് സമരഭടന്മാർക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് വാസുദേവൻ നായർ പറയുന്നു. ഇത് ഓർക്കാനും ഇത്തരമൊരു കത്തെഴുതാനും കാരണം അടുത്ത ദിവസങ്ങളിൽ മാദ്ധ്യമങ്ങളിൽ അങ്ങ് നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളാണ്.

അടിയന്തരാവസ്ഥക്ക് ശേഷം താങ്കൾ രാഷ്ട്രീയത്തിൽ സജീവമായതും ഉയർച്ച കൈവരിച്ചതും അഭിമാനത്തോടെയാണ് കണ്ടത്. എല്ലാ തിരഞ്ഞെടുപ്പുകളിലും ജനറൽ സീറ്റുകളിൽ ഉൾപ്പെടെ അങ്ങ് മത്സരിച്ചു. എന്നിട്ടും താങ്കൾ പാർട്ടിയിൽ പദവി കിട്ടിയില്ല എന്ന് ചൂണ്ടിക്കാട്ടി വികാരധീനനാകുന്നത് കണ്ട്‌ ശരിക്കും ലജ്ജതോന്നി. നമ്മൾ കണ്ടുമുട്ടിയ ആർ.എസ്.എസ് സംഘസ്ഥാനിന്റെ പവിത്രതക്ക് ഏറ്റ കളങ്കമായി അതെന്ന് ഞാൻ കരുതുന്നു.

ആ സമര പോരാളികളെ ഓർക്കാറുണ്ടോ?

അടിയന്തരാവസ്ഥയിലെ അന്നത്തെ സമരത്തിൽ പങ്കെടുത്തവരെ താങ്കൾക്ക് ഓർമ്മയുണ്ടാകുമല്ലോ? അന്നത്തെ കൊടിയ പീഡനത്തിന്റെ ഫലമായി മുരളിയും ഗോപിനാഥനും ഉണ്ണിക്കൃഷ്ണവാര്യരും കൃഷ്ണൻകുട്ടിയും അകാല മൃത്യുവടഞ്ഞത് നമുക്കറിയാവുന്നതല്ലേ? കരളിനേറ്റ രോഗംമൂലം മുരളിയും ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ഗോപിനാഥനും തലച്ചോറിലുണ്ടായ അസുഖംമൂലം ഉണ്ണിക്കൃഷ്ണവാര്യരും ഹൃദയരോഗംമൂലം കൃഷ്ണൻകുട്ടിയും നമ്മെ വിട്ട് പിരിഞ്ഞതിൽ അന്നത്തെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സംഭാവന മറക്കാനാകില്ല. ഇവരാരും തങ്ങളുടെ യാതനകളുടെ കണക്ക് പറഞ്ഞ് നേതൃത്വത്തോട് കലഹിക്കാൻ പോയിട്ടില്ല. താങ്കൾക്ക് അർഹിക്കുന്നതിലുപരി പരിഗണനകളും പദവികളും നൽകിയ പ്രസ്ഥാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിലൂടെ ലോകത്തിലെ ഏറ്റവും വലിയ കേഡർ പ്രസ്ഥാനമായ ആർ.എസ്.എസിന് നാണക്കേടുണ്ടാക്കി എന്നതിനാലാണ് ഈ കത്ത് എഴുതിയത്. ഇത്രയുംകാലം ഞങ്ങളുടെയൊക്കെ അഭിമാനമായിരുന്ന താങ്കൾ എന്നോട് ക്ഷമിക്കുക.